imp


ലണ്ടൻ: ഇംപോസിഷൻ എഴുതാത്തവരായി ആരുമുണ്ടാകില്ല. അതും ഇംഗ്ലീഷിന്റെ കാര്യത്തിലാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഒരു അക്ഷരം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ വാക്കും മാറി അർത്ഥവും മാറി. അപ്പോഴാണ് ഇവിടെ ഇതാ ഒരാൾ വാക്കുകളുടെ സ്പെല്ലിംഗ് തലതിരിച്ചു പറഞ്ഞ് ഗിന്നസ് ബുക്കിൽ റെക്കോഡിട്ടിരിക്കുന്നു.ബ്രിട്ടന് സമീപമുള്ള മിന്നസോട്ടയിലെ ഹേസ്റ്റിംഗ്സ് നഗരത്തിൽ താമസിക്കുന്ന പാം ഒന്നനെന്ന വനിത ഒരു മിനിട്ടിൽ 56 വാക്കുകളുടെ സ്പെല്ലിംഗ് തിരിച്ചു പറഞ്ഞാണ് ഗിന്നസിൽ കയറിയത്. സ്വന്തം പട്ടണത്തെ ഗിന്നസ് ബുക്കിലെത്തിക്കുക എന്ന ഒറ്റ ലക്ഷ്യമിട്ടായിരുന്നു ഈ 'തലതിരിഞ്ഞ" പ്രവൃത്തി ആരംഭിച്ചതെന്ന് അവർ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഒരു മിനിറ്റിൽ 56 വാക്കുകളുടെ സ്പെല്ലിംഗ് തലതിരിച്ചു പറയുന്നതിന്റെ വീഡിയോയും അവർ പങ്കുവച്ചിട്ടുണ്ട്. ഒരു മിനിറ്റിൽ പതിനേഴ് വാക്കിന്റെ സ്പെല്ലിംഗ് തലതിരിച്ചു പറഞ്ഞ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. സ്പെല്ലിംഗ് മാത്രമല്ല വാക്കുകൾ തലതിരിച്ചും പാം ഉച്ചരിക്കാറുണ്ട്. ഓരോ പുതിയ വാക്ക് പഠിക്കുമ്പോഴും അതിന്റെ സ്പെല്ലിംഗ് കൂടി തിരിച്ച് പറഞ്ഞു പഠിക്കുന്നതാണത്രേ പാമിന്റെ രീതി. കുറച്ചുകാലം മുൻപുവരെ ഇത് ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ, ഇത്തരത്തിൽ റെക്കോഡുണ്ടെന്നും അതു തകർക്കാനായി പലരും ശ്രമിക്കുന്നുണ്ടെന്നും അറിഞ്ഞതോടെ താനും ശ്രമിച്ചതാണെന്നാണ് പാമിന്റെ വാദം. എന്തായാലും പാമിന്റെ ആഗ്രഹം പോലെ ഹേസ്റ്റിംഗ്സ് ഗിന്നസ്ബുക്കിൽ ഇടംനേടിയിട്ടുണ്ട്.