തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെത്തുടർന്ന് തലസ്ഥാനത്ത് ഏർപ്പെടുത്തിരുന്ന നിയന്ത്രണങ്ങളിൽ കൂടതൽ ഇളവുകൾ പ്രഖ്യാപിച്ചു. തീരദേശത്തെ ക്രിട്ടിക്കൽ സോണുകൾ മാറ്റി കണ്ടെയ്ൻമെന്റ് സോണുകളാക്കി. ഇവിടങ്ങളിൽ ഓഫീസുകൾ പ്രവർത്തിക്കാൻ അനുമതിയുണ്ട്. എന്നാൽ ക്ളബുകൾക്കും ജിമ്മുകൾക്കും പ്രവർത്തിക്കാൻ അനുമതിയില്ല. കടകൾക്ക് രാവിലെ ഏഴുമുതൽ വൈകിട്ട് നാലുവരെ പ്രവർത്തിക്കാനാണ് അനുമതിയുളളത്. മീൻ പിടിക്കാൻ പോകാൻ നിയന്ത്രണങ്ങളോടെ അനുമതി നൽകിയിട്ടുണ്ട്. തീരദേശത്ത് രോഗികളുടെ എണ്ണത്തിൽ കുറവുവന്നതിനെ തുടർന്നാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതെന്നാണ് റിപ്പോർട്ട്.
നഗരത്തിലെ ലോക്ക് ഡൗൺ കഴിഞ്ഞദിവസം മുതൽ പിൻവലിച്ചിരുന്നു. ജിം, ബാർബർ ഷോപ്പ്, ഹോട്ടലുകൾ തുടങ്ങിയവയ്ക്ക് പ്രവർത്തിക്കാം. ബാറുകളിൽ പാഴ്സൽ കച്ചവടം നടത്താം. വിവാഹങ്ങളിൽ 50 പേർക്ക് പങ്കെടുക്കാം. ജൂലായ് 6നാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.
അതേസമയം തലസ്ഥാന ജില്ലയിൽ രോഗികളുടെ എണ്ണം ഉയരുകയാണ്. കഴിഞ്ഞദിവസം 321പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് പൂജപ്പുര സെൻട്രൽ ജയിലിലെ 145 തടവുകാർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നാലുപേരാണ് ഇന്ന് ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചത്.