ബുലന്ദ്ഷഹര്‍: പഠനമികവ് കൊണ്ട് ദാരിദ്ര്യത്തോട് പോരാടി 3.83 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുമായി യു.എസില്‍ ഉപരിപഠനത്തിനു യോഗ്യത നേടിയ സുദീക്ഷ ഭാട്ടി (20) ബൈക്ക് അപകടത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാസം നാട്ടിലെത്തിയ സുദീക്ഷ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയില്‍ ആഗസ്റ്റ് പത്തിനുണ്ടായ അപകടത്തിലാണു മരിച്ചത്.
ദീപക് ചൗധരി, രാജു എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്നു പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. രണ്ട് ബൈക്ക് യാത്രക്കാര്‍ സുദീക്ഷയുടെ ഇരുചക്ര വാഹനത്തെ പിന്തുടര്‍ന്ന് ഉപദ്രവിച്ചിരുന്നതായും പെണ്‍കുട്ടി അപകടത്തില്‍പ്പെട്ടു മരിക്കാന്‍ ഇതാണു കാരണമായതെന്നും കുടുംബം ആരോപിച്ചിരുന്നു. മാതൃസഹോദരനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ രണ്ടു യുവാക്കള്‍ സുദീക്ഷയെ പിന്തുടര്‍ന്നുവെന്നും അവരില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് അപകടം സംഭവിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.
സുദീക്ഷയുടെ കുടുംബത്തിന്റെ ആരോപണം തെറ്റാണെന്നായിരുന്നു യു.പി. പോലീസിന്റെ വിശദീകരണം. ബൈക്ക് യാത്രക്കാര്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന് തെളിവില്ലെന്നും പ്രായപൂര്‍ത്തിയാകാത്ത സഹോദരനാണ് ബൈക്ക് ഓടിച്ചിരുന്നതെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി കുടുംബം കാര്യങ്ങള്‍ വളച്ചൊടിക്കുകയാണെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ യു.പി. പോലീസിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നതിന് പിന്നാലെയായിരുന്നു ഈ വിശദീകരണം.
രണ്ടുവര്‍ഷം മുമ്പ് 98% മാര്‍ക്കോടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ബുലന്ദ്ഷഹര്‍ ജില്ലയില്‍ ഒന്നാമതെത്തിയ സുദീക്ഷ, യു.എസ് മാസച്ചുസിറ്റ്‌സിലെ പ്രശസ്തമായ ബാബ്സന്‍ കോളജില്‍ ഫുള്‍ സ്‌കോളര്‍ഷിപ്പ് നേടി പഠിക്കുകയായിരുന്നു. ആഗസ്റ്റ് 20ന് തിരികെ യു.എസിലേക്കു പോകാന്‍ തീരുമാനിച്ചിരിക്കെയാണ് സുദീക്ഷയുടെ അകാലമരണം.