mp-ahammed

 നിയമാനുസൃതം കച്ചവടം ചെയ്യുന്നവരെ ഇ-വേ ബില്ലിന്റെ പേരിൽ ബുദ്ധിമുട്ടിക്കരുത്.

കോഴിക്കോട്: കള്ളക്കടത്തും നികുതിവെട്ടിപ്പും തടയാൻ കേരളത്തിൽ സ്വർണം കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനം ധീരമായ നടപടിയാണെന്നും അതിനെ പിന്തുണയ്ക്കുന്നുവെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. കള്ളക്കടത്ത് സ്വർണം നികുതിയും പിഴയും ഈടാക്കി വിട്ടുകൊടുക്കുന്നതിന് പകരം കണ്ടുകെട്ടാനുള്ള നീക്കം അനധികൃത സ്വർണ ബിസിനസിന് തടയിടും. കേരളത്തിലേക്കുള്ള സ്വർണക്കള്ളക്കടത്ത് ഒരു പരിധിവരെ തടയാനും കഴിയും.

വ്യാപകമായ അനധികൃത സ്വർണവില്പന തടയാനാകാത്തതിനാൽ കള്ളക്കടത്തിന്റെ ഹബ്ബായി കേരളം മാറി. ലൈസൻസില്ലാതെ നിരവധി സ്വർണനിർമ്മാണ ശാലകൾ കേരളത്തിൽ പ്രവർത്തിക്കുന്നു. സ്വർണക്കള്ളക്കടത്ത് മൂലം കാലങ്ങളായി കോടിക്കണക്കിന് രൂപയുടെ നികുതിവരുമാനവും സർക്കാരിന് നഷ്‌ടപ്പെടുന്നു. അതേസമയം, എല്ലാ നികുതിയും നൽകി നിയമാനുസൃതം കച്ചവടം ചെയ്യുന്നവരെ ഇ-വേ ബില്ലിന്റെ പേരിൽ ബുദ്ധിമുട്ടിക്കരുതെന്നും എം.പി. അഹമ്മദ് ആവശ്യപ്പെട്ടു.

ബുള്ള്യൻ ഇറക്കുമതിക്കുള്ള ഉയർന്ന ഇറക്കുമതിച്ചുങ്കമാണ് കള്ളക്കടത്തിന് പ്രധാന കാരണം. ബുള്ള്യൻ ഇറക്കുമതിച്ചുങ്കം പൂർണമായി ഒഴിവാക്കി, ആഭരണങ്ങൾക്ക് മാത്രം ഏർപ്പെടുത്തണം. ബുള്ള്യൻ ഇറക്കുമതിക്കുള്ള അധികാരം ബാങ്കുകൾക്കും സർക്കാർ അംഗീകൃത ഏജൻസികൾക്കുമായി നിജപ്പെടുത്തണം. ഹാൾമാർക്ക് നിർബന്ധമാക്കാനുള്ള തീരുമാനം അനധികൃത നിർമ്മാണവും വില്പനയും തടയും. എന്നാൽ, വ്യാജ ഹാൾമാർക്കിംഗ് തടയാൻ ഡിജിറ്റൽ ട്രാക്കിംഗും ബാർ കോഡ് സംവിധാനവും വേണം. സ്വർണ വില്പനശാലകളിലെ സി.സി.ടി.വി കാമറകൾ അന്വേഷണ ഏജൻസികൾക്ക് മോണിറ്റർ ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയാൽ തട്ടിപ്പുകൾ തടയാനാകുമെന്നും അദ്ദേഹം പറഞ്ഞു.