വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇളയ സഹോദരൻ റോബർട്ട് ട്രംപ് (71) നിര്യാതനായി. ന്യൂയോർക്കിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് വെള്ളിയാഴ്ച ട്രംപ് ആശുപത്രിയിലെത്തി സഹോദരനെ സന്ദർശിച്ചിരുന്നു.
"എന്റെ സഹോദരൻ റോബർട്ട് സമാധാനപൂർവം യാത്രയായ വിവരം ഞാൻ ഹൃദയഭാരത്തോടെ അറിയിക്കുന്നു. അദ്ദേഹം സഹോദരൻ മാത്രമല്ല, എന്റെ നല്ല സുഹൃത്ത് കൂടിയായിരുന്നു. അദ്ദേഹത്തെ ഇനി ഒരിക്കലും കാണാൻ കഴിയില്ല. എന്നാൽ അദ്ദേഹത്തിന്റെ ഓർമ്മകൾ എന്റെ ഹൃദയത്തിൽ ഉണ്ടാകും. ഞാൻ നിന്നെ സ്നേഹിക്കുന്നു, റോബർട്ട്. സമാധാനത്തോടെ വിശ്രമിക്കുക." - മരണവിവരം പുറത്ത് വിട്ട പ്രസ്താവനയിൽ ട്രംപ് കുറച്ചു.
ട്രംപ് സഹോദരങ്ങളിൽ ഏറ്റവും ഇളയ ആളാണ് റോബർട്ട്. ഡൊണൾഡ് ട്രംപുമായി റോബർട്ട് അടുത്ത ബന്ധം പുലർത്തിയിരുന്നു. ട്രംപ് കുടുംബത്തെപ്പറ്റി പ്രസിഡന്റിന്റെ അടുത്ത ബന്ധുവായ മേരി പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിനെതിരെ ഇരുവരും ചേർന്ന് കേസ് കൊടുത്തിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.
വാൾ സ്ട്രീറ്റിൽ കോർപ്പറേറ്റ് ഫിനാൻസിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച റോബർട്ട് പിന്നീട് കുടുംബ ബിസിനസിലേക്ക് തിരിയുകയും ട്രംപ് ഓർഗനൈസേഷന്റെ തലപ്പത്ത് എത്തുകയുമായിരുന്നു.
ജോലിയിൽ നിന്ന് വിരമിച്ച ശേഷം ഹഡ്സൺ വാലിയിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു അദ്ദേഹം.