തിരുവനന്തപുരം: സ്വർണക്കടത്തുകേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷ് ബാങ്ക് ലോക്കർ എടുത്തത് അനധികൃത ഇടപാടുകൾക്ക് വേണ്ടിയാണെന്ന് സൂചന. 2018 നവംബറിലാണ് സ്വപ്ന തന്റെപേരിൽ ലോക്കർ എടുത്തത്. സ്വർണക്കടത്ത് തുടങ്ങിയത് 2019 ജൂലായ് മാസം മുതലാണ്. ഇതാണ് ഇത്തരത്തിലൊരു സംശയം അന്വേഷണ ഉദ്യോഗസ്ഥർക്ക് തോന്നാൻ കാരണം. ഒരു ടെലിവിഷൻ ചാനലാണ് ഇതുസംബന്ധിച്ച് വാർത്ത പുറത്തുവിട്ടത്.
ലോക്കർ എടുക്കാൻ സഹായിച്ചത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം ശിവശങ്കറായിരുന്നു. ഇതിനായി സുഹൃത്തും ചാർട്ടേഡ് അക്കൗണ്ടന്റുമായ വേണുഗോപാലിനെ സ്വപ്നയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. ലോക്കറുകളുടെ താക്കോൽ സൂക്ഷിച്ചിരുന്നതും വേണുഗോപാലായിരുന്നു.
ഈ ലോക്കർ വേണുഗോപാൽ പല തവണ തുറന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. പണം സ്വപ്ന നിർദ്ദേശിച്ചവരുടെ പക്കൽ വേണുഗോപാൽ കൊടുത്തുവിടുകയായിരുന്നു. ഇടപാടിലെ വേണുഗോപാലിന്റെ പങ്ക് അന്വേഷണ പരിധിയിൽ ഉണ്ട്. എന്നാൽ ശിവശങ്കർ നൽകിയ നിർദ്ദേശങ്ങൾ അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും സ്വപ്നയുടെ ഇടപാടുകളിൽ പങ്കില്ലെന്നാണ് വേണുഗോപാൽ അന്വേഷണ സംഘത്തെ അറിയിച്ചത്.