വാഷിംഗ്ടൺ: ഭരണത്തിലെത്തിയാൽ ഇന്ത്യയുമായുള്ള സൗഹൃദം തുടരുമെന്ന് വൃക്തമാക്കി ഡെമോക്രാറ്റിക് പാർട്ടിയുടെ യു.എസ് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡൻ. ഇന്ത്യ - അമേരിക്കൻ സൗഹൃദം ശക്തിപ്പെടുത്തുന്നതിന് മികച്ച പരിഗണനയാണ് കൊടുക്കുന്നതെന്നും ദക്ഷിണേഷ്യയിൽ അതിർത്തി കടന്നുള്ള ഭീകരവാദം ഒരു കാരണവശാലും അനുവദിക്കില്ലെന്നും ബൈഡൻ തന്റെ പ്രചാരണരേഖകളിൽ വ്യക്തമാക്കുന്നു. ഇന്തോ - പസഫിക് മേഖലയിൽ സമാധാനം നിലനിറുത്തുന്നതിന് ഇന്ത്യയുമായുള്ള സൗഹൃദം തുടരുമെന്നും ചൈന ഉൾപ്പെടെ ഒരു രാജ്യവും അതിർത്തി രാജ്യങ്ങളുടെ മേൽ കടന്നുകയറ്റം നടത്തരുതെന്നും പ്രചാരണ രേഖയിൽ പറയുന്നു.
ഇന്ത്യയും അമേരിക്കയും സ്വാഭാവിക പങ്കാളികളാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലനിറുത്തുന്നതിന് ബൈഡൻ ഭരണകൂടം ഉയർന്ന പരിഗണന കൊടുക്കും.കൊവിഡ് പ്രതിരോധം മുതൽ കുടിയേറ്റ വ്യവസ്ഥ പഴയ നിലയ്ക്ക് ആക്കുന്നതു വരെയുള്ള കാര്യങ്ങളിൽ ഇന്ത്യൻ അമേരിക്കൻ വോട്ടർമാർക്ക് ബൈഡൻ - കമല ഹാരിസ് സർക്കാരിനെ ആശ്രയിക്കാം. ലോകത്തെ ഏറ്റവും പഴക്കമുള്ളതും വലുതുമായ ജനാധിപത്യരാജ്യങ്ങൾ എന്ന നിലയ്ക്ക് ഇന്ത്യയും യു.എസും ഒരേ മൂല്യങ്ങളാണ് പങ്കുവയ്ക്കുന്നതെന്നും ഇരുരാജ്യങ്ങളും അഭിപ്രായസ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും വലിയ വില കൽപ്പിക്കുന്നുണ്ടെന്നും ബൈഡൻ പറയുന്നു.