വാഷിംഗ്ടൺ: അതിർത്തി തർക്കത്തിൽ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡൻ. നവംബർ മൂന്നിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഡോണാൾഡ് ട്രംപിനെതിരെ ഡമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ബൈഡൻ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു.
യു എസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ അതിര്‍ത്തിയിലേത് ഉള്‍പ്പെടെ ഏതു പ്രശ്‌നത്തിലും ഇന്ത്യയ്‌ക്കൊപ്പമായിരിക്കും താനെന്നും ബൈഡന്‍ വ്യക്തമാക്കി. ഇന്തോ - പസഫിക് മേഖലയിൽ സമാധാനം നിലനിര്‍ത്തുന്നതിന് ഇന്ത്യയുമായുള്ള സൗഹൃദം തുടരുമെന്നും ചൈന ഉള്‍പ്പെടെ ഒരു രാജ്യവും അതിര്‍ത്തി രാജ്യങ്ങളുടെ മേൽ കടന്നുകയറ്റം നടത്തരുതെന്നും വ്യക്തമാക്കുന്നു.
ഇന്ത്യ - യുഎസ് സൗഹൃദം ശക്തിപ്പെടുത്തുന്നതിന് മികച്ച പരിഗണനയാണ് കൊടക്കുന്നതെന്നും ദക്ഷിണേഷ്യയിൽ അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഒരു കാരണവശാലും അനുവദിക്കില്ലെന്നും ജോ ബൈഡൻ്റെ പ്രചാരണരേഖകള്‍ വ്യക്തമാക്കുന്നു. 15 വര്‍ഷം മുന്‍പ് ഇന്ത്യയുമായുള്ള നിര്‍ണായക ആണവകരാര്‍ ഒപ്പിടുന്നതില്‍ താനും പ്രധാനപങ്ക് വഹിച്ചിരുന്നു.
യു എസും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായാല്‍ ലോകത്ത് സമാധാനം പുലരുമെന്ന് ഉറപ്പാണ്. ചരിത്രത്തിലാദ്യമായി ഏറ്റവുമധികം ഇന്തോ-അമേരിക്കക്കാര്‍ ഭരണസംവിധാനത്തിനൊപ്പമുണ്ടായിരുന്നത് ഒബാമയുടെ ഭരണകാലത്താണ്. ഇത്തവണയും വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇന്തോ-അമേരിക്കക്കാരിയായ കമല ഹാരിസ് വരുമെന്നത് ഉറപ്പാണ്.
വംശീയാതിക്രമങ്ങളുടെ ഇക്കാലത്ത് എല്ലാ വിഭാഗക്കാര്‍ക്കും മതത്തില്‍പ്പെട്ടവര്‍ക്കും സുരക്ഷിതമായി ജീവിക്കാനുള്ള ഇടമാണ് യു എസ് എന്ന് ലോകത്തെ ധരിപ്പിക്കാന്‍ ഇന്ത്യക്കാരുടെ സാന്നിദ്ധ്യം വലിയ സഹായമാണു ചെയ്യുന്നതെന്നും ബൈഡന്‍ വ്യക്തമാക്കി. എച്ച്1ബി വിസ സംബന്ധിച്ച നിലവിലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയേക്കുമെന്ന തരത്തിലുള്ള ചില നിര്‍ദേശങ്ങളും ബൈഡന്‍ മുന്നോട്ടു വച്ചു.