tal

കാബൂൾ: അഫ്ഗാനിസ്ഥാനിൽ സമാധാനം പുനഃസ്ഥാപിക്കാനായി നടക്കുന്ന ചർച്ചകൾക്ക് തിരിച്ചടിയായി താലിബാന്റെ പുതിയ നിലപാട്. അഷ്റഫ് ഘാനി സർക്കാരിനെ അംഗീകരിക്കില്ലെന്ന് താലിബാൻ പ്രസ്താവനയിൽ വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനിൽ നിന്ന് യു.എസ് സൈന്യം ഘട്ടം ഘട്ടമായി പിന്മാറുന്ന സാഹചര്യത്തിലാണ് താലിബാനുമായി ചർച്ചകൾ നടക്കുന്നത്. എന്നാൽ അഫ്ഗാൻ സർക്കാരിന്റെ അധികാരം അംഗീകരിക്കുന്നില്ലെന്നാണ് ഇറാനിലെ ഹംഷാഹ്റി പത്രത്തിനു നൽകിയ അഭിമുഖത്തിൽ താലിബാൻ വക്താവ് സുഹൈൽ ഷഹീൻ വ്യക്തമാക്കിയത്. യുദ്ധത്തിൽ ജയിച്ചത് തങ്ങളാണെന്നും അഫ്ഗാനിസ്ഥാനിൽ പുതിയ ഇസ്ലാമിക് സർക്കാർ രൂപീകരിക്കാൻ വേണ്ടി മാത്രമേ ചർച്ചകളിൽ പങ്കെടുക്കൂ എന്നുമാണ് താലിബാന്റെ വാദം. സർക്കാരിനു പുറമെ അഫ്ഗാനിലെ മറ്റു ശക്തികളുമായും ചർച്ചകൾ നടത്തുമെന്നും താലിബാൻ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ താലിബാൻ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണെന്നാണ് സർക്കാർ പറയുന്നത്.
ചർച്ചകൾക്ക് വഴി തുറക്കുന്നതിനു മുന്നോടിയായി അഫ്ഗാൻ ഗ്രാൻഡ് അസംബ്ലി 400 താലിബാൻ തടവുപുള്ളികളെ വിട്ടയച്ചിരുന്നു. ഇതിനു പിന്നാലെയാണ് താലിബാൻ വീണ്ടും നിഷേധനിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.