തിരുവനന്തപുരം: ചിറയിൻകീഴ് മുസലിയാർ എൻജിനിയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ വിഭാഗം വിദ്യാർത്ഥികൾ ശബ്ദനിയന്ത്രണത്തിലൂടെ പ്രവർത്തിപ്പിക്കുന്ന വീൽച്ചെയർ വികസിപ്പിച്ചെടുത്തു. അവസാന വർഷ പ്രോജക്ടിന്റെ ഭാഗമായി രമ്യാ രാജു, പൂജ, ആർഷ, രുഗ്മ മനോജ് എന്നിവരാണ് ചലനശേഷി പൂർണമായും നഷ്ടപ്പെട്ടവർക്കായി വീൽചെയർ നിർമ്മിച്ചത്. ഇലക്ട്രിക്കൽ വിഭാഗം മേധാവി പ്രൊഫ. ഷിമി മോഹൻ, അസി. പ്രൊഫസർ സബിത എന്നിവർ മേൽനോട്ടം വഹിച്ചു. രോഗികൾക്കുള്ള സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചുകൊണ്ടാണ് നിർമാണം. സംസാരശേഷി ഇല്ലാത്തവർക്കായി മൊബൈൽ ആപ്ലിക്കേഷൻ വഴി പ്രവർത്തിപ്പിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ ഇതിൽ കൂട്ടിച്ചേർക്കാൻ കഴിയും. വാണിജ്യ അടിസ്ഥാനത്തിൽ 7000 രൂപ നിരക്കിൽ ഇവ ഉത്പാദിപ്പിക്കാൻ കഴിയുമെന്നും ലാഭവിഹിതം ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്നും വിദ്യാർത്ഥികൾ പറഞ്ഞു.