pol

വാഷിംഗ്ടൺ: ജനങ്ങളുടെ സംരക്ഷമാണ് പൊലീസ് ഉദ്യോഗസ്ഥരുടെ പ്രഥമ കർത്തവ്യം. അത് അക്ഷരാർത്ഥത്തിൽ പാലിച്ചിരിക്കുകയാണ് കാലിഫോർണിയയിൽ നിന്നുള്ള എറിക യുറിയ എന്ന പൊലീസ് ഉദ്യോ​ഗസ്ഥ. റെയിൽവേ പാളത്തിൽ കുടുങ്ങിയ വയോധികനെ അതിസാഹസികമായി രക്ഷിച്ചാണ് ഇവർ താരമായിരിക്കുന്നത്.

ലോദി എന്ന സ്ഥലത്ത് പട്രോളിംഗ് നടത്തുന്നതിനിടെ എറിക റെയിൽവേ പാളത്തിൽ കുടുങ്ങിയ വീൽചെയറിൽ ഇരിക്കുന്ന വൃദ്ധനെ കണ്ടു. തീവണ്ടി ഉടനെത്തുമെന്ന് മനസിലായതോടെ എറിക റെയിൽവേ പാളത്തിലേക്ക് പാഞ്ഞു. ട്രെയിൻ അടുത്തതോടെ വീൽചെയർ വിടുവിക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ എറിക വൃദ്ധനെ താഴെയിറക്കാൻ ശ്രമിച്ചു. അതിൽ എറിക വിജയിച്ചു. ഇരുവരും താഴേക്കു വീഴുന്നതും ഇതിനിടയിൽ വീൽചെയറും കടന്ന് ട്രെയിൻ കുതിച്ചുപോകുന്നതും സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വീഡിയോയിൽ കാണാം. പെട്ടെന്നുള്ള വീഴ്ച്ച മൂലം കാലിനു പരിക്കേറ്റ വൃദ്ധനെ എറിക തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.

എറികയുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന കാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ഇപ്പോൾ വീഡിയോ കാണുമ്പോൾ തനിക്ക് കഴിഞ്ഞതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല. ആ നിമിഷം ട്രെയിൻ ഉടൻ വരുമെന്നോ അതിന്റെ വേ​ഗതയോ ഒന്നും മനസിലുണ്ടായിരുന്നില്ല, ആ വൃദ്ധനെ എങ്ങനെയെങ്കിലും രക്ഷിക്കുകയായിരുന്നു ലക്ഷ്യമെന്നും എറിക പറഞ്ഞു.