ഇന്ത്യൻ ക്രിക്കറ്റിന് ലഭിച്ച അപൂർവ്വ സൗഭാഗ്യമാണ് കഴിഞ്ഞ ദിവസം കൂളായി കരിയറിന് കർട്ടനിട്ടത്.കളിക്കളത്തിൽ സമ്മർദങ്ങക്കൊന്നും കീഴടങ്ങാത്ത മനസ്ഥൈര്യമായിരുന്നു ധോണിയുടെ കൈമുതൽ. അതുകൊണ്ട് അദ്ദേഹം നേടിയെടുത്തത് ഇന്നേവരെ മറ്റാർക്കും രാജ്യത്തിന് നൽകാനാകാത്ത നേട്ടങ്ങളും.
റാഞ്ചിയിലെ ഒരു സാധാരണ സർക്കാർ കമ്പനിത്തൊഴിലാളിയുടെ മകനായി ജനിച്ച്, സാധാരണക്കാരനായി വളർന്ന് അസാധാരണ ഭാഗ്യംകൊണ്ട് ചരിത്രം കുറിച്ച ആളാണ് ധോണിയെന്ന് സാമാന്യേന പറഞ്ഞാലും ആ ഭാഗ്യത്തിലേക്ക് എത്തുവാൻ അദ്ദേഹം എടുത്ത കഠിനപ്രയത്നവും ദൈവീക വരദാനമായി ലഭിച്ച കഴിവും വിസ്മരിക്കാനാവില്ല. കഴിവുകൊണ്ട് മാത്രമാരും ക്രിക്കറ്റിൽ രക്ഷപ്പെട്ടിട്ടില്ല, പ്രത്യേകിച്ച് ഇന്ത്യൻ ക്രിക്കറ്റിൽ. ചിലർക്ക് കഴിവിനൊപ്പം തലതൊട്ടപ്പൻമാരുടെ പിന്തുണയുണ്ടാകും. ചിലർക്ക് ഭാഗ്യമുണ്ടാകും. അവസരങ്ങൾ വീണുകിട്ടും. എന്നാൽ ധോണിക്ക് ഗോഡ്ഫാദർമാർ ആരുമുണ്ടായിരുന്നില്ല. അവസരങ്ങൾ വീണുകിട്ടിയതുമില്ല. തുടക്കത്തിൽ ലഭിച്ച അവസരങ്ങൾ മുതലാക്കാനുമായില്ല. സെലക്ടർമാരുടെ ശ്രദ്ധ ആകർഷിക്കാനായി അവർ ഇരിക്കുന്ന സ്ഥലത്തേക്ക് തന്നെ സിക്സുകൾ അടിച്ചിട്ടുണ്ട്. ഇന്ത്യൻ എ ടീമിലേക്ക് എങ്കിലും വരാൻ വേണ്ടി പലപ്പോഴും ബാറ്റിംഗ് ഒാർഡറിൽ മനപൂർവം മുകളിലേക്ക് കയറിയിട്ടുണ്ട്.
വെല്ലുവിളികൾ ഏറ്റെടുക്കാൻ ധൈര്യം കാട്ടിയതാണ് ധോണിയുടെ കരിയറിലെ ഏറ്റവും വലിയ നേട്ടങ്ങൾക്ക് കാരണമായതെന്ന് നിസംശയം പറയാം. വിക്കറ്റുകൾ കൈമോശം വരുമ്പോൾ പാറപോലെ ഉറച്ചുനിന്ന് ചേസിംഗ് വിജയം നേടുന്നതിനേക്കാൾ പ്രയാസമാണ് ഇതാ ഇൗ ടീമിനെ ലോകകപ്പിൽ നയിക്കൂ എന്ന് പറഞ്ഞ് നിങ്ങളെ ഏൽപ്പിക്കുമ്പോൾ. നല്ലൊരുപദേശം നൽകാൻ പോലും സീനിയേഴ്സ് ആരുമില്ലാത്ത സ്ഥിതിയിലാണ് 2007 ൽ ധോണി ടീമിനെയും കൊണ്ട് ട്വന്റി 20 ലോകകപ്പ് കളിക്കാൻ പോകുന്നത് ആ വെല്ലുവിളി സധൈര്യം ഏറ്റെടുത്ത് വിജയിച്ചപ്പോഴാണ് സച്ചിന് ധോണിയിൽ കണ്ടെത്താനായ നായകശേഷി ഇന്ത്യൻ ക്രിക്കറ്റ് ലോകവും തിരിച്ചറിഞ്ഞത്. സ്വന്തം നാട്ടിൽ നടന്ന ലോകകപ്പുകളിൽ ഇതുവരെ ആരും കിരീടം നേടിയിട്ടില്ല എന്ന ചരിത്രം മാറ്റിയെഴുതിയാണ് 2011 ലെ ലോകകപ്പിൽ ധോണി കിരീടം ഏറ്റുവാങ്ങിയത്.
ഇൗ വിജയങ്ങൾ എല്ലാം ധോണിയുടെ മാത്രം കഴിവുകൊണ്ടാണെന്ന് പറയാനാവില്ല. 2007 ലെയും 2011 ലെയും ലോകകപ്പുകളിൽ യുവ്രാജും ഗംഭീറുമൊക്കെ അവരുടെ പ്രതിഭയുടെ ഉത്തുംഗ ശ്രേണിയിലായിരുന്നു. 2013 ലെ ചാമ്പ്യൻസ് ട്രോഫിയിൽ ശിഖാർ ധവാൻ അപാര ഫോമിലായിരുന്നു. ന്യൂസിലാൻഡിൽ ചെന്ന് പരമ്പര നേടിയപ്പോൾ ഗൗതം ഗംഭീർ അപ്രതിരോധ്യനായിരുന്നു. മഹാമേരുവിനെപ്പോലെ വീരും വൻ വൃക്ഷങ്ങളായി സച്ചിനും ദ്രാവിഡും ഗാംഗുലിയും ലക്ഷ്മണുമൊക്കെ ധോണിക്കൊപ്പമുണ്ടായിരുന്നു.ഇവരുടെയൊക്കെ വിജയമാണ് ധോണിയുടെ വിജയം. കാരണം ഇൗ പൊൻമുത്തുകളെയെല്ലാം ഒരു മാലയിൽ കോർത്തിടാൻ പിറന്ന കനക നൂലായിരുന്നു ധോണി.
ധോണി കരിയർ ഗ്രാഫ്
2004
ഇന്ത്യൻ ഏകദിന ടീമിൽ അരങ്ങേറ്റം. ബംഗ്ളാദേശിനെതിരെയായിരുന്നു ആദ്യമത്സരം. റൺ ഒൗട്ടിലൂടെ ഡക്കായി മടക്കം.
2005
ഏപ്രിലിൽ പാകിസ്ഥാനെതിരെ വിശാഖ പട്ടണത്ത് നടന്ന ഏകദിനത്തിൽ ആദ്യ സെഞ്ച്വറി കുറിച്ചു. 123 പന്തുകളിൽ നിന്ന് 148 റൺസാണ് അതിലും കൂട്ടിയത്. 15 ഫോറുകളും നാല് സിക്സുകളും പറത്തി ധോണി ആരാധകരെ ആകർഷിച്ച മത്സരം.
2005
ഡിസംബറിൽ ചെന്നൈയിൽ ശ്രീലങ്കയ്ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം. മഴ തടസപ്പെടുത്തിയ മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ 30 റൺസെടുത്ത് പുറത്തായി.
2006
ആദ്യമായി ഐ.സി.സി ലോക ഏകദിന ഇലവനിൽ സ്ഥാനം
2007
ബി.സി.സി.ഐയുടെ ബി ഗ്രേഡ് കോൺട്രാക്ടിൽ നിന്ന് എ ഗ്രേഡിലേക്ക് മാറുന്നു. ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിലെ ക്യാപ്ടനായി തിരഞ്ഞെടുക്കപ്പെടുന്നു. ലോകകപ്പ് നേട്ടം.
2008
ആസ്ട്രേലിയയിൽ കോമൺവെൽത്ത് ബാങ്ക് സിരീസ് നേട്ടം. അനിൽ കുംബ്ളെയിൽ നിന്ന് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്ടൻസി ഏറ്റെടുക്കുന്നു. ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്ടനാകുന്നു.
2009
വെസ്റ്റ് ഇൻഡീസിനെതിരായ ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യവിക്കറ്റ് നേടുന്നു.
ഐ.സി.സി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാംസ്ഥാനത്ത്.
2011
ഇന്ത്യയിൽ നടന്ന ഐ.സി.സി ഏകദിന ലോകകപ്പ് കിരീടനേട്ടം.
2013
ഇംഗ്ളണ്ടിൽ നടന്ന ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കി. ഐ.സി.സി.യുടെ മൂന്ന് പ്രധാന ടൂർണമെന്റുകളും നേടുന്ന ആദ്യ ക്യാപ്ടനാകുന്നു.
2014
ആസ്ട്രേലിയയ്ക്കെതിരായ മെൽബൺ ടെസ്റ്റിൽ തോറ്റതിനുപിന്നാലെ ടെസ്റ്റ് കരിയർ അവസാനിപ്പിച്ചു.
2015
ഏകദിനക്രിക്കറ്റിൽ ടീമിനെ 100 വിജയങ്ങളിലേക്ക് നയിക്കുന്ന ആസ്ട്രേലിയക്കാരനല്ലാത്ത ആദ്യ ക്യാപ്ടനെന്ന റെക്കാഡ്.
2017
ജനുവരിയിൽ ധോണി ഏകദിനത്തിലെയും ട്വന്റി 20 യിലെയും ക്യാപ്ടൻസി ഒഴിഞ്ഞു. കളിക്കാരനായി തുടർന്നു.
2018
ഏകദിനത്തിൽ 400 പുറത്താക്കലുകളിൽ പങ്കാളിയായ റെക്കാഡ് കുറിച്ചു.
ഏകദിനത്തിൽ 10000 റൺസ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനുമായി.
2019
ഇന്ത്യയ്ക്കുവേണ്ടി അവസാനമായി കളിച്ചവർഷം. ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനെതിരെ നടന്നത് ധോണിയുടെ 350-ാമത്തെ ഏകദിനം.
റൺഒൗട്ടായി തുടക്കം,
റൺഒൗട്ടായി മടക്കം
തന്റെ ആദ്യ അന്താരാഷ്ട്ര ഇന്നിംഗ്സിലും അവസാന അന്താരാഷ്ട്ര ഇന്നിംഗ്സിലും ധോണി പുറത്തായത് റൺ ഒൗട്ടിലൂടെയാണ്.2004ൽ ബംഗ്ളാദേശിനെതിരെയായിരുന്നു ആദ്യ ഇന്നിംഗ്സ്.നേരിട്ട രണ്ടാം പന്തിൽതന്നെ റൺഒൗട്ടിലൂടെ ഡക്കായി മടങ്ങുകയായിരുന്നു.2019 ലോകകപ്പിൽ ന്യൂസിലാൻഡിനെതിരായ സെമിഫൈനലിൽ 50 റൺസെടുത്താണ് ധോണി റൺഒൗട്ടായത്.
ധോണിയെപ്പോലെ റെയ്നയും ആദ്യ ഏകദിന ഇന്നിംഗ്സിൽ ഡക്കായിരുന്നു.
റെയ്ന ഏകദിനത്തിലും ട്വന്റി -20യിലും ആദ്യ സെഞ്ച്വറി നേടുമ്പോൾ നോൺ സ്ട്രൈക്കർ എൻഡിൽ ധോണിയായിരുന്നു.
2015ൽ ഭാര്യ സാക്ഷി മകൾക്ക് ജന്മം നൽകുമ്പോൾ ധോണി ലോകകപ്പിനായി ആസ്ട്രേലിയയിലായിരുന്നു. അന്ന് മൊബൈൽ ഫോൺ ഉപയോഗിക്കാതെയിരുന്ന ധോണിയെ റെയ്നയുടെ മൊബൈലിൽ മെസേജ് അയച്ചാണ് മകൾ പിറന്നതറിയിച്ചത്.
ഏകദിന അരങ്ങേറ്റത്തിൽ ഡക്കായ റെയ്ന ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടി. ട്വന്റി -20യിൽ ആദ്യമായി സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരവും റെയ്നയാണ്.
മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരനും റെയ്ന തന്നെ.
ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ച്വറിയും അവസാന ടെസ്റ്റിൽ ഡക്കും ആയ രണ്ട് ഇന്ത്യൻ ക്രിക്കറ്റർമാരാണ് സൗരവ് ഗാംഗുലിയും സുരേഷ് റെയ്നയും.