മുംബയ്: ഇന്ത്യയുടെ വിദേശ നാണയശേഖരം ആഗസ്റ്റ് ഏഴിന് സമാപിച്ച വാരത്തിൽ സർവകാല റെക്കാഡായ 53,819.10 കോടി ഡോളറിലെത്തി. കഴിഞ്ഞ മാർച്ച് മുതൽ ഇതുവരെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് 3.4 ഇരട്ടി വളർച്ച കരുതൽ ശേഖരത്തിൽ ഉണ്ടായെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. നടപ്പുവർഷത്തെ ആദ്യ അഞ്ചുമാസക്കാലയളവിൽ (ഏപ്രിൽ-ആഗസ്റ്ര്) ശേഖരത്തിലുണ്ടായ വർദ്ധന 6,269.10 കോടി ഡോളറാണ്.
ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം ഉയർന്നതും കൊവിഡും ലോക്ക്ഡൗണും മൂലം കയറ്റുമതിയും ഇറക്കുമതിയും താഴ്ന്നതിനാൽ വ്യാപാരക്കമ്മി കുറഞ്ഞതുമാണ് വിദേശ നാണയ ശേഖരം വർദ്ധിക്കാൻ പ്രധാന കാരണം. ആഗസ്റ്റ് ആദ്യവാരം വിദേശ നാണയ ശേഖരം 362.3 കോടി ഡോളർ ഉയർന്നു. ജൂൺ അഞ്ചിനാണ് ശേഖരം ആദ്യമായി അരലക്ഷം കോടി ഡോളർ കടന്നത്. 146.4 കോടി ഡോളറിന്റെ വർദ്ധനയുമായി വിദേശ നാണയ ആസ്തി 49,229.3 കോടി ഡോളറിൽ എത്തിയിട്ടുണ്ട്. 216 കോടി ഡോളർ വളർച്ചയുമായി കരുതൽ സ്വർണശേഖരം 3,978.5 കോടി ഡോളറിലുമെത്തി.