ഹൈദരാബാദ്: നെഹ്റു സുവോളജിക്കൽ പാർക്കിലെ കുഞ്ഞു കടുവക്കുട്ടന് രാജ്യത്തിനായി ജീവത്യാഗം നടത്തിയ ധീരന്റെ പേര്. പാർക്കിൽ ജനിച്ച മൂന്ന് റോയൽ ബംഗാൾ കടുവക്കുട്ടികളിൽ ഒന്നിന് ലഡാക്ക് സംഘർഷത്തിനിടെ വീരമൃത്യു വരിച്ച കേണൽ സന്തോഷ് ബാബുവിന്റെ പേര് നൽകാനാണ് അധികൃതരുടെ തീരുമാനം. സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തിയശേഷം പാർക്കിന്റെ ക്യൂറേറ്റർ പ്രഖ്യാപിച്ചതാണ് ഇക്കാര്യം.
മൃഗശാലയിലെ ആശ എന്ന കടുവ ലോക്ക്ഡൗണിനിടെയാണ് മൂന്ന് കടുവക്കുട്ടികൾക്ക് ജന്മം നൽകിയത്. സൂര്യ, സങ്കൽപ് എന്നിങ്ങനെയാണ് മറ്റ് രണ്ട് കടുവക്കുട്ടികളുടെ പേര്. അതിനിടെ, സന്തോഷ് ബാബുവിന്റെ ഭാര്യ സന്തോഷി ശനിയാഴ്ച ഡെപ്യൂട്ടി കളക്ടറായി ജോലിയിൽ പ്രവേശിച്ചു. തെലങ്കാന ചീഫ് സെക്രട്ടറി സോമേഷ് കുമാറിനെ സന്ദർശിച്ച് അവർ ജോയിനിംഗ് റിപ്പോർട്ട് കൈമാറി.