barcelona-lost

ലിസ്ബൺ : യൂറോപ്യൻ ഫുട്ബാൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോൽവി വഴങ്ങി നാണംകെട്ട ലയണൽ മെസിയുടെ ബാഴ്സലോണ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനൽ കാണാതെ പുറത്തായി. കഴിഞ്ഞ ദിവസം നടന്ന ക്വാർട്ടർ ഫൈനലിൽ ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കിനോട് രണ്ടിനെതിരെ എട്ടുഗോളുകൾ ഏറ്റുവാങ്ങിയാണ് ബാഴ്സ പൊട്ടിത്തകർന്നത്.

മറ്റൊരു ക്വാർട്ടർഫൈനലിൽ കിരീടം പ്രതീക്ഷിച്ചുവന്ന ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ സിറ്റിയെ ഫ്രഞ്ച് ക്ളബ് ഒളിമ്പിക് ലിയോൺ 3-1ന് കീഴടക്കി. ഇതോടെ ഇൗ മാസം 19ന് ഇന്ത്യൻ സമയം രാത്രി നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ഒളിമ്പിക് ലിയോൺ ബയേൺ മ്യൂണിക്കിനെ നേരിടും. തലേന്ന് ആദ്യ സെമിയിൽ ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയും ജർമ്മൻ ക്ളബ് ആർ.ബി ലെയ്പ്സിഗും ഏറ്റുമുട്ടും.

ഇൗ സീസണിൽ ലാ ലിഗ കിരീടം നഷ്ടപ്പെട്ടപ്പോൾ തന്നെ ക്ളബിലെ കോച്ചുൾപ്പടെയുള്ളവരിൽ അഴിച്ചുപണി ആവശ്യമുയർത്തിയിരുന്ന ലയണൽ മെസിയുടെ അഭിപ്രായം ശരിവയ്ക്കുന്ന രീതിയിലാണ് ബാഴ്സലോണ പൊട്ടിപ്പാളീസായത്. 2014 ലോകകപ്പിൽ ജർമ്മനി ബ്രസീലിനെ 7-1ന് തകർത്തതുപോലൊരു ദുരന്തമാണ് ലിസ്ബണിൽ ബാഴ്സ നേരിട്ടത്. ആദ്യ പകുതിയിൽത്തന്നെ നാലു ഗോളുകൾ ഏറ്റുവാങ്ങിയിരുന്നു ബാഴ്സലോണ. രണ്ടാം പകുതിയിലും കിട്ടി നാലെണ്ണം. രണ്ടുഗോളുകൾ സ്വന്തം പേരിലെഴുതിയെങ്കിലും അതിലൊന്ന് ഡേവിഡ് ആലാബയുടെ സെൽഫ് ഗോളായിരുന്നു.

രണ്ട് ഗോളുകൾ നേടിയ തോമസ് മുള്ളറും ഫിലിപ്പ് കുടീഞ്ഞോയും ഒാരോ ഗോൾ നേടിയ പെരിസിച്ചും ഗ്നാബ്രിയും ജോഷ്വാ കിമ്മിഷും റോബർട്ട് ലെവാൻഡോവ്സ്കിയും ചേർന്നാണ് ബാഴ്സാദഹനം നടത്തിയത്.

നാലാം മിനിട്ടിൽ മുള്ളറിലൂടെയാണ് ബയേൺ ബയണറ്റ് പ്രയോഗം തുടങ്ങിയത്. ഏഴാം മിനിട്ടിൽ ആലാബയുടെ സെൽഫ് ഗോളിലൂടെ കളി സമനിലയിലായപ്പോഴും ഏഴുഗോളുകൾ കൂടി ബാഴ്സ വലയിൽ കയറുമെന്ന് ആരും കരുതിയിരുന്നില്ല. 21-ാം മിനിട്ടിൽ പെരിസിച്ചും 27-ാം മിനിട്ടിൽ ഗ്നാബ്രിയും സ്കോർ ചെയ്തപ്പോൾ 31-ാം മിനിട്ടിൽ മുള്ളർ തന്റെ രണ്ടാം ഗോളും നേടി. 57-ാം മിനിട്ടിൽ ലൂയിസ് സുവാരേസ് ഒരു ഗോൾ ബയേണിന്റെ വലയിൽ കയറ്റിയപ്പോൾ ബാഴ്സയുടെ തിരിച്ചുവരവ് സ്വപ്നം കണ്ടവരുടെ നെഞ്ചിൽ ഇടിത്തീയായി 63-ാം മിനിട്ടിൽ കിമ്മിഷും 82-ാം മിനിട്ടിൽ ലെവാൻഡോവ്സ്കിയും 85,89 മിനിട്ടുകളിൽ കുടീഞ്ഞോയും ഗർജിച്ചു.

മൗസ ഡെംബെലെയുടെ ഇരട്ടഗോളുകളുടെ മികവിലാണ് ലിയോൺ മാഞ്ചസ്റ്റർ സിറ്റിയെ അട്ടിമറിച്ചത്. പ്രീ ക്വാർട്ടറിൽ യുവന്റസിനെ കടന്നെത്തിയ ലിയോൺ 24-ാം മിനിട്ടിൽ കോർണെറ്റിലൂടെ ലീഡ് നേടിയിരുന്നു. 69-ാം മിനിട്ടിൽ കെവിൻ ഡി ബ്രുയാൻ കളി സമനിലയിലാക്കി. 79,87 മിനിട്ടുകളിലായാണ് ഡെംബലെ വിജയഗോളുകൾ നേടിയത്.

ബയേണിന്റെ ഗോളുകൾ ഇങ്ങനെ

1-0

4-ാം മിനിട്ട്

തോമസ് മുള്ളർ

ലെവാൻഡോവ്സ്കിയുടെ പാസിൽനിന്നായിരുന്നു മുള്ളറുടെ ആദ്യ ഗോൾ

2-1

21-ാം മിനിട്ട്

ഇവാൻ പെരിസിച്ച്

സെർജി ഗ്നാബ്രിയുടെ പാസിൽ നിന്ന് പെരിസിച്ച് ബാഴ്സ പ്രതിരോധപ്പിഴവ് മുതലെടുത്ത് ഗോളടിച്ചു.

3-1

27-ാം മിനിട്ട്

സെർജി ഗ്നാബ്രി

ബാഴ്സ ഡിഫൻഡർ ലെംഗ്ലെറ്റിനെ കബളിപ്പിച്ച് ഗോയേസക നൽകിയ പാസിൽ നിന്ന് പിറന്ന ഗോൾ.

4-1

31-ാം മിനിട്ട്

തോമസ് മുള്ളർ

ജോഷ്വ കിമ്മിഷാണ് മുള്ളർക്ക് തന്റെ രണ്ടാം ഗോളടിക്കാൻ പന്തെത്തിച്ചത്.

5-2

63-ാം മിനിട്ട്

ജോഷ്വ കിമ്മിഷ്

പ്രതിരോധത്തെ വെട്ടിയൊഴിഞ്ഞ് ഡേവിസ് നൽകിയ പന്തിൽ ക്ളോസ് റേഞ്ചിൽ നിന്ന് കാൽവയ്ക്കേണ്ട ചുമതലയേ കിമ്മിഷിന് ഉണ്ടായിരുന്നുള്ളൂ.

6-2

82-ാം മിനിട്ട്

ലെവൻഡോവ്സ്കി

കുടീഞ്ഞോയുടെ പാസിൽ നിന്ന് ലെവാൻഡോവ്സ്കി നേടിയ ഗോൾ വീഡിയോ റഫറി പരിശൗധിച്ച ശേഷമാണ് അനുവദിച്ചത്.

7-2

85-ാം മിനിട്ട്

ഫിലിപ്പ് കുടീഞ്ഞോ

തോമസ് മുള്ളറാണ് കുടീഞ്ഞോയുടെ ആദ്യ ഗോളിന് പന്തെത്തിച്ചത്.

8-2

89-ാം മിനിട്ട്

ഫിലിപ്പ് കുടീഞ്ഞോ

നാലുമിനിട്ടിന് ശേഷം ഹെർണാണ്ടസിന്റെ പാസിൽ നിന്ന് കുടീഞ്ഞോ തന്റെ രണ്ടാം ഗോളും നേടി.

ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ബാഴ്സലോണയുടെ ഏറ്റവും വലിയ തോൽവിയാണിത്.

2015ൽ എഫ്.സി പോർട്ടോയ്ക്ക് ശേഷം ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ ആദ്യ പകുതിയൽത്തന്നെ നാലുഗോളുകൾ വഴങ്ങുന്ന ആദ്യ ടീമാണ് ബാഴ്സ.

തുടർച്ചയായി എട്ട് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ സ്കോർ ചെയ്യുന്ന ആദ്യ താരമായി റോബർട്ട് ലെവാൻഡോവ്സ്കി റെക്കാഡ് കുറിച്ചു.

ബാഴ്സലോണയ്ക്കെതിരെ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി തോമസ് മുള്ളർ(6). അഞ്ചു ഗോളുകൾ നേടിയിരുന്ന ആന്ദ്രേ ചെവ്ഷെങ്കോയുടെ റെക്കാഡാണ് മുള്ളർ മറികടന്നത്.

ആകെ ഏഴ് ഷോട്ടുകൾ മാത്രമാണ് മത്സരത്തിൽ ബാഴ്സ ഉതിർത്തത്.

1946ലെ സ്പാനിഷ് കിംഗ്സ് കപ്പ് മത്സരത്തിൽ സെവിയ്യയോട് 8-0ത്തിന് തോറ്റശേഷം ബാഴ്സ ഏതെങ്കിലും മത്സരത്തിൽ എട്ട് ഗോളുകൾ വഴങ്ങുന്നത് ഇതാദ്യം.

ലെവാൻഡോവ്സ്കി ചാമ്പ്യൻസ് ലീഗിൽ 50 ഗോളുകൾ തികച്ചു.

സെമി ഫിക്സ്ചർ

ലെയ്പ്സിഗ് Vs പാരീസ് എസ്.ജി

ഒളിമ്പിക് ലിയോൺ Vs ബയേൺ മ്യൂണിക്ക്