t

ആലപ്പുഴ:ചന്ദ്രകളഭം ചാർത്തിയുറങ്ങുന്ന മനോഹര തീരത്ത് ജീവിച്ച് കൊതി തീരാതെ ഇനിയൊരു ജന്മം കൂടി ആഗ്രഹിച്ച് വിടവാങ്ങിയ കാവ്യഗന്ധർവൻ വയലാർ രാമവർമ്മയുടെ ജീവിതം ചലച്ചിത്രമാക്കുന്നു. ഇന്ന് വയലാറിലെ രാഘവപ്പറമ്പിലെ സ്‌മൃതി മണ്ഡപം സാക്ഷിയാക്കി കവിയുടെ പ്രിയപത്നി ഭാരതി തമ്പുരാട്ടിയും മകനും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മയും ചേർന്ന് സിനിമയ്‌ക്ക് വാക്കാൽ അനുമതി നൽകും. കൊവിഡ് നിയന്ത്രണങ്ങൾ കാരണം പ്രത്യേക ചടങ്ങില്ല.

വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബാല്യകാലസഖി' മമ്മൂട്ടിയെ നായകനാക്കി ചലച്ചിത്രമാക്കിയ പ്രമോദ് പയ്യന്നൂരാണ് തിരക്കഥയും സംവിധാനവും. രണ്ട് വർഷത്തെ ഗവേഷണത്തിലൂടെയാണ് തിരക്കഥ രൂപപ്പെടുത്തിയത്.

വയലാറിന്റെ ജീവിതത്തിലെ തീവ്ര മുഹൂർത്തങ്ങളും മലയാള സിനിമയുടെ സുവർണ്ണകാലവും തിരക്കഥയിലുണ്ട്. പുന്നപ്ര വയലാർ സമരവും പുനരാവിഷ്കരിക്കും. വയലാർ അടക്കമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ട താരങ്ങൾ സംവിധായകന്റെ മനസിലുണ്ട്. പിന്നീട് വെളിപ്പെടുത്തും.

ലൈൻ ഓഫ് കളേഴ്സിന്റെ ബാനറിൽ എം.സി. അരുണും സലിൽ രാജും ചേർന്നാണ് നിർമ്മാണം. മലയാളത്തിന്റെ കാവ്യതേജസായി ജ്വലിച്ച വയലാർ 250 ലേറെ സിനിമകൾക്കായി 1500ലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. 150 ലേറെ നാടക ഗാനങ്ങളും നൂറിലേറെ കവിതകളും അദ്ദേഹത്തിന്റെ തൂലികയിൽ പിറവിയെടുത്തു.

സാധാരണ ജീവിത രേഖയല്ല ഈ സിനിമ. മലയാള സിനിമയുടെ ഒരു സുപ്രധാന ഏടും വയലാറിന്റെ ജീവിതത്തിലെ തീവ്ര മുഹൂർത്തങ്ങളും ഏറെക്കുറെ സമാന്തരമാണ്. ഈ മുഹൂർത്തങ്ങളിലേക്ക് കാമറ തിരിക്കുകയാണ്. പുന്നപ്ര-വയലാർ സമരമൊക്കെ പരാമർശിക്കാതിരിക്കാനാവില്ല.

- പ്രമോദ് പയ്യന്നൂർ

അച്ഛന്റെ ജീവിതം ആധാരമാക്കിയുള്ള സിനിമയ്ക്കായി ഏറെ നാളായി ചർച്ചകളുണ്ട്. അത് യാഥാർത്ഥ്യമാവുന്നു. കൊവിഡിന്റെ പരിമിതികളുണ്ട്. മറ്റു കാര്യങ്ങൾ പിന്നാലെ.

- വയലാർ ശരത്ചന്ദ്രവർമ്മ