covid

തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 519 പേർക്ക്. ഇത് ആദ്യമായാണ് ജില്ലയിൽ ഒരു ദിവസം അഞ്ഞൂറിൽ കൂടുതൽ പേർക്ക് കൊവിഡ് ബാധിച്ചതായി സ്ഥിരീകരിക്കുന്നത്. ജില്ലയിൽ 487 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്നലെ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച ജില്ല മലപ്പുറമായിരുന്നു.

എന്നാൽ മലപ്പുറത്തെ ഇന്നത്തെ കൊവിഡ് രോഗികളുടെ എണ്ണവും ആശങ്കപ്പെടുത്തുന്നത് തന്നെയാണ്. ജില്ലയിൽ ഇന്ന് 221 പേർക്കാണ് രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചത്. ഇതിൽ 200 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്.

അതേസമയം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ രോഗികളുടെ എണ്ണം ഇന്നും നൂറിന് മുകളിലാണ്. എറണാകുളം ജില്ലയിൽ 110 പേർക്ക് ഇന്ന് രോഗം വന്നപ്പോൾ കോഴിക്കോട്ടെ ഇന്നത്തെ രോഗികളുടെ എണ്ണം 106 ആണ്. കേരളത്തില്‍ ഇന്ന് 1530 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

ഇതിൽ 37 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 89 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1351 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 100 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 10 മരണങ്ങളാണ് രോഗം മൂലം ഇന്ന് സംസ്ഥാനത്തുണ്ടായത്.