മാച്ച് വിന്നർ, ജനപ്രിയൻ, എന്റർടെയ്നർ ഏതളവുകോലു വച്ച് നോക്കിയാലും സുരേഷ് കുമാർ റെയ്ന അതെല്ലാമായിരുന്നു. ഇനിയും ഇന്ത്യൻ ജേഴ്സിയിൽ ഇടിച്ചു കുത്തി പെയ്യാൻ ആവോളം പ്രതിഭ ബാക്കിയുണ്ടായിരുന്നു റെയ്നയിൽ. എന്നാൽ ഇന്ത്യൻ ക്രിക്കറ്റിനെ അത്യുന്നതിയിലെത്തിച്ച മഹേന്ദ്ര സിംഗ് ധോണിയെന്ന തലയ്ക്കൊപ്പം ചിന്നത്തലയും ആ നീലക്കുപ്പായം അഴിച്ചു വച്ചു. ആരാധകരെ കണ്ണീരിലാഴ്ത്തി, ഇനിയൊരു തിരിച്ചു വരവില്ലെന്ന് ചിരിച്ചു കൊണ്ട് പറഞ്ഞ്...
2005 ജൂലായ് 30ന് തന്റെ പതിനെട്ടാം വയസിൽ ശ്രീലങ്കയ്ക്കെതിരെ ധാംബുള്ളയിയിൽ നടന്ന ഏകദിനത്തിലാണ് റെയ്ന ആദ്യമായി ഇന്ത്യൻ ജേഴ്സി അണിയുന്നത്. എന്നാൽ ആ മത്സരത്തിൽ മുത്തയ്യാ മുരളീധരന്റെ പന്തിൽ ഗോൾഡൻ ഡക്കായി മറക്കാനാഗ്രഹിക്കുന്ന തുടക്കമായിരുന്നു അദ്ദേഹത്തിന്റേത്. പക്ഷേ പതറാതെ പൊരുതി ഏകദിന ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു പിന്നീട് ഈ ഉത്തർ പ്രദേശുകാരൻ. 226 ഏകദിനങ്ങളിൽനിന്ന് 35.31 ശരാശരിയിൽ അഞ്ച് സെഞ്ചുറികളും 36 അർദ്ധ സെഞ്ച്വറികളും ഉൾപ്പെടെ 5615 റൺസ് നേടി. 2018 ജൂലായ് 17ന് ലീഡ്സിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു അവസാന ഏകദിനം കളിച്ചത്.
2006 ഡിസംബർ ഒന്നിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജൊഹന്നാസ് ബർഗിലായിരുന്നു ട്വന്റി-20 അരങ്ങേറ്രം.78 ട്വന്റി-20 മത്സരങ്ങളിൽനിന്ന് 29.18 ശരാശരിയിൽ 1605 റൺസ് നേടി. ഇതിൽ ഒരു സെഞ്ച്വറിയും അഞ്ച് അർദ്ധസെഞ്ച്വറിയും ഉൾപ്പെടുന്നു. 13 വിക്കറ്റുകളും പേരിലുണ്ട്. 2018 ജൂലായ് 8ന് ഇംഗ്ലണ്ടിനെതിരെ ബ്രിസ്റ്റോളിലാണ് അവസാന ട്വന്റി-20 കളിച്ചത്.
അരങ്ങേറി അഞ്ച് വർഷത്തിന് ശേഷമാണ് റെയ്നയെത്തേടി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ് എത്തുന്നത്. അതും ശ്രീലങ്കയ്ക്കെതിരെ തന്നെ 2010 ജൂലായ്യിൽ കൊളംബോയിൽ. സെഞ്ച്വറിയോടെ കന്നി ടെസ്റ്റ് ഗംഭീരമാരക്കിയ റെയ്നയ്ക്ക് പക്ഷേ പിന്നീട് ടെസ്റ്റിൽ ആ മികവ് തുടരാനായില്ല. 18 ടെസ്റ്റുകളിൽനിന്ന് 26.48 ശരാശരിയിൽ 768 റൺസാണ് നേടിയത്. ഇതിൽ ഒരു സെഞ്ച്വറിയും ഏഴ് അർദ്ധസെഞ്ച്വറികളും ഉൾപ്പെടുന്നു. 13 വിക്കറ്റുകളും സ്വന്തമാക്കി. 2015 ജനുവരിയിൽ സിഡ്നിയിൽ ആസ്ട്രേലിയക്കെതിരെയായിരുന്നു അവസാന ടെസ്റ്ര്.
തുടക്കകാലത്ത് ടീമിൽ വന്നും പോയുമിരുന്ന റെയ്ന 2007ൽ ടീമിന് പുറത്തായി. തുടർന്ന് 2008ൽ ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനായി നടത്തിയ മികച്ച പ്രകടനമാണ് ഇന്ത്യൻ ടീമിലേക്ക് വീണ്ടും വഴി തുറന്നു കൊടുത്തത്. പാകിസ്ഥാനിൽ നടന്ന ഏഷ്യാകപ്പിൽ 2 വീതം സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയും നേടി റെയ്ന തിരിച്ചു വരവ് ഗംഭീരമാക്കി. 2010ലെ ട്വന്റി-20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെഞ്ച്വറി നേടി ഈ ഫോർമാറ്രിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി. പിന്നീട് സിംബാബ്വെ പര്യടനത്തിൽ റെയ്നയെത്തേടി ഇന്ത്യയുടെ ക്യാപ്ടൻ സ്ഥാനവും എത്തി. ബാറ്രിംഗിനൊപ്പം ബൗളിംഗിലും ഫീൽഡിംഗിലും തകർപ്പൻ പ്രകടനവുമായി നിർണായക സാന്നിധ്യമായി.
ഇതിനിടെ ടെസ്റ്റ് ടീമിൽ അരങ്ങേറാനുമായി. ഇന്ത്യയുടെ 2011ലെ ലോകകപ്പ് നേട്ടത്തിൽ പ്രധാന പങ്കുവഹിക്കാനും ഈ ഇടങ്കൈയ്യൻ ബാറ്ര്സ്മാനായി.
ആസ്ട്രേലിയക്കെതിരെ ക്വാർട്ടറിൽ പ്രതിസന്ധിഘട്ടത്തിൽ 28 പന്തിൽ നേടിയ 34 റൺസും പാകിസ്ഥാനെതിരെ സെമിയിൽ 39 പന്തിൽ നേടിയ 36 റൺസും ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിലെ വാഴ്ത്തപ്പെടാത്ത വിജയഗാഥകളാണ്. 2012ൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ആദ്യ മാൻ ഒഫ് ദ സീരിസ് അവാർഡ് സ്വന്തമാക്കി. 2015ലെ ഏകദിന ലോകകപ്പിൽ സിംബാബ്വെയ്ക്കെതിരെ സെഞ്ച്വറി നേടി. തുടർന്ന് ഫിറ്ര്നസ് പ്രശ്നങ്ങളും ഫോമില്ലായ്മയും അദ്ദേഹത്തെ അലട്ടി. കൂടാതെ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനുള്ള തീരുമാനവും അദ്ദേഹത്തിന്റെ ക്രിക്കറ്ര് കരിയറിന് തിരിച്ചടിയായി. യോ യോ ടെസ്റ്റിൽ പരാജയപ്പെട്ടു. 2018ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 സീരിസിൽ ടീമിൽ തിരിച്ചെത്തി. അവസാന മത്സരത്തിൽ മാൻ ഒഫ് ദ മാച്ചായി റെയ്ന ഇന്ത്യയ്ക്ക് പരമ്പര സമ്മാനിച്ചു. ശേഷം ഇംഗ്ലണ്ട് പര്യടനത്തിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ടീമിന് പുറത്തായി. പിന്നീട് ഇതുവരെ അദ്ദേഹത്തെ തേടി ഇന്ത്യൻ ടീമിൽ നിന്ന് വിളിയെത്തിയിട്ടില്ല.
ഛോട്ടാ സച്ചിൻ
1986 നവംബർ 27ന് ഉത്തർ പ്രദേശിലെ മൊറാദാബാദിൽ പിർലോക് ചന്ദ്ര റെയ്നയുടേയും പർവേഷ് റെയ്നയുടെയും ഏറ്രവും ഇളയമകനായി ജനനം. പരിമിതസാഹചര്യത്തിൽ നിന്ന് കഠിനാധ്വാനം കൊണ്ട് പ്രതിസന്ധികൾ മറികടന്ന് വളർന്നുവന്ന താരമാണ് റെയ്ന. ചെറുപ്പത്തിൽ തന്നെ ക്രിക്കറ്റാണ് തന്റെ കരിയർ എന്ന് സുരേഷ് തിരിച്ചറിഞ്ഞു. ലക്നൗവിലെ ഗുരു ഗോവിന്ദ് സ്പോർട്സ് സ്കൂളിൽ എത്തിയതാണ് വഴിത്തിരിവായത്. തുടർന്ന് ജൂനിയർ തലത്തിൽ മികച്ച ബാറ്റിംഗുമായി റെയ്ന ഛോട്ടാ സച്ചിൻ എന്ന പേര് സമ്പാദിച്ചു. അണ്ടർ 19 തലത്തിലെ മികച്ച പ്രകടനമാണ് റെയ്നയ്ക്ക് ഇന്ത്യൻ ടീമിലേക്കുള്ള വഴിതുറന്നത്.
താങ്ക്യു റെയ്ന
പരിമിത ഓവർ ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്രവും മികച്ച താരങ്ങളിൽ ഒരാളായി പരിഗണിക്കാം റെയ്നയെ. ഒരു ഘട്ടത്തിൽ അടുത്ത ക്യാപ്ടൻ എന്ന വിലയിരുത്തപ്പെട്ട റെയ്നക്ക് പക്ഷേ പിന്നീട് തന്റെ പ്രതിഭയോട് നീതിപുലർത്താൻ കഴിയാതെ വരികയായിരുന്നു. ഒരു തരത്തിലുള്ള അസൂയയുമില്ലാതെ സഹതാരങ്ങളുടെ നേട്ടത്തിൽ മതിമറന്ന് സന്തോഷിക്കുന്ന അവരെ അഭിനന്ദിക്കാൻ ആദ്യം ഓടിയെത്തുന്ന റെയ്ന സമീപ കാലക്രിക്കറ്റ് കാഴ്ചകളിലെ വലിയ നഷ്ടമാണ്. സഹോദര തുല്യനായ ധോണിക്കൊപ്പം ചെന്നൈ സൂപ്പർ കിംഗ്സിന്റെ മഞ്ഞ ജേഴ്സിയിൽ അദ്ദേഹമിനിയും നിറഞ്ഞാടട്ടെയെന്നാണ് ആരാധകരുടെ പ്രാർത്ഥന.
ടെസ്റ്റ് 18
റൺസ് 768
ഹൈസ്കോർ 120
വിക്കറ്ര് 13
മികച്ച ബൗളിംഗ് 2/1
ഏകദിനം 226
റൺസ് 5615
ഹൈസ്കോർ 116 (നോട്ടൗട്ട്)
വിക്കറ്ര് 36
മികച്ച ബൗളിംഗ് 3/34
ട്വന്റി-20 78
റൺസ് 1605
ഹൈസ്കോർ 101
വിക്കറ്റ് 13
മികച്ച ബൗളിംഗ് 2/6
റെക്കാഡുകൾ
ക്രിക്കറ്രിലെ എല്ലാ ഫോർമാറ്രിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരൻ
ട്വന്റി-20യിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരം
ട്വന്റി-20 ലോകകപ്പിലും ഏകദിന ലോകകപ്പിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരൻ
2008-2005 കാലഘട്ടത്തിൽ ഇന്ത്യയ്ക്കായി ഏറ്രവും കൂടുതൽ സിക്സുകൾ നേടിയ താരം (116)
2008-2015 കാലഘട്ടത്തിൽ വിജയകരമായ റൺസ് ചേസുകളിൽ 23 തവണ നോട്ടൗട്ടായിരുന്നു
25 തവണ നോട്ടൗട്ടായിരുന്ന ധോണിമാത്രമാണ് ഇക്കാര്യത്തിൽ റെയ്നയ്ക്ക് മുന്നിലുള്ളത്.
2008-2015 കാലഘട്ടത്തിൽ 11 മാൻ ഒഫ് ദമാച്ച് അവാർഡുകൾ നേടി
ഏകദിനത്തിലും ട്വന്റി-20യിലും ഏറ്രവും കൂടുതൽ ക്യാച്ചുകൾ എടുത്ത ഇന്ത്യൻ താരം (102,42)
2421 റൺസ് ഏകദിനത്തിൽ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടുകളിൽ ധോണിയുമായി റെയ്ന പടുത്തുയർത്തിയിട്ടുണ്ട്. അഞ്ചാം വിക്കറ്രിൽ ഏറ്രവും കൂടുതൽ റൺസ് നേടിയ കൂട്ടുകെട്ടും ഇവരുടേതാണ്