ലഖ്നൗ։ യു.പിയിലെ പ്രതാപ്ഗാർഹ് ജില്ലയിൽ സ്ഥലതർക്കം പരിഹരിക്കുവാൻ വിളിച്ചു ചേർത്ത പഞ്ചായത്ത് യോഗം അലങ്കോലമായി അച്ഛനും മകനും കൊല്ലപ്പെട്ടു.
ദയാശങ്കർ മിശ്ര, മകൻ ആനന്ദ് മിശ്ര എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു. ഭൂമിയെച്ചൊല്ലി രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്നായിരുന്നു സംഘർഷം. തങ്ങളുടെ അറിവോടെയല്ല യോഗം നടന്നതെന്നും രണ്ട് അഭിഭാഷകരാണ് ഇടനിലക്കാരായി പ്രവർത്തിച്ചതെന്നും പൊലീസ് പറഞ്ഞു. എന്നിരുന്നാലും, അക്രമം തടയാൻ കൃത്യസമയത്ത് ഇടപെടാതിരുന്നതിന് സബ് ഇന്‍സ്‌പെക്ടർ ഉൾപ്പെടെ മൂന്ന് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. അക്രമവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി എസ്.പി അഭിഷേക് സിംഗ് പറഞ്ഞു. ഇക്കാര്യം അന്വേഷിക്കാൻ പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.