ഒഹിയോ: ഉറങ്ങാൻ കഴിയുക എന്നത് ഒരു വലിയ ഭാഗ്യമാണ്. പിരിമുറുക്കങ്ങളുടെ ലോകത്ത് ഒരു അഞ്ചു മിനിട്ടെങ്കിലും മനഃസമാധാനത്തോടെ ഉറങ്ങാൻ കഴിയുന്നവർ ഭാഗ്യവാന്മാരാണെന്നും വിലയിരുത്തപ്പെടുന്നു. അത്തരമൊരു ഭാഗ്യവതിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. കക്ഷി ഉറങ്ങുന്നത് അങ്ങ് വെള്ളത്തിനടിയിലാണ് കേട്ടോ. അതാരപ്പാ വെള്ളത്തിനടിയിൽ കൂർക്കം വലിച്ച് ഉറങ്ങുന്നത് എന്നല്ലേ.. ഫിലാഡെൽഫിയയിലെ സിൻസിനാറ്റി സൂ ആൻഡ് ബൊട്ടാണിക്കൽ ഗാർഡനിലെ അന്തേവാസിയായ ഫിയോന എന്ന ഹിപ്പോപൊട്ടാമസാണ് വെള്ളത്തിനടിയിൽ സുഖമായി ഉറങ്ങുന്നത്. കാഴ്ച ബംഗ്ളാവിലെത്തിയ സന്ദർശകർക്കു മുന്നിൽ ചില പൊടിക്കൈകളും അഭ്യാസങ്ങളും കാണിച്ച ശേഷം തളർന്നു കിടന്നുറങ്ങുകയാണ് ഫിയോന. തനിക്കായി ഒരുക്കിയ വലിയ അക്വേറിയത്തിലാണ് അവളുടെ ഉറക്കം. ഉറക്കത്തിനിടെ ഫിയോനയുടെ കൂർക്കം വലി കാരണമുണ്ടാകുന്ന കുമിളകൾ ആണ് മറ്റൊരു കൗതുകം. തൊട്ടടുത്ത് ചില മീനുകൾ കറങ്ങി നടപ്പുണ്ടെങ്കിലും അതാെന്നും ഉറക്കത്തിന് തടസമാകുന്നില്ല. ഒൻപത് സെക്കൻഡുള്ള വീഡിയോ സിൻസിനാറ്റി സൂ തന്നെയാണ് പങ്കുവച്ചത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കു ശേഷം അടുത്തിടെയാണ് സൂ വീണ്ടും തുറന്നു പ്രവർത്തനം ആരംഭിച്ചത്.