കൊൽക്കത്ത: ഇന്ത്യാ-ബംഗ്ലാദേശ് അതിർത്തി വഴി നിരോധിത ചുമ മരുന്ന് വ്യാപകമായി കടത്തിയ സംഘത്തെ അതിർത്തി സുരക്ഷാ സേന പിടികൂടി. വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയിൽ ഇന്ത്യയിൽ നിരോധിച്ച കഫ് സിറപ്പ് ഫെൻസെഡിലിന്റെ 2,60,231 രൂപ വിലമതിക്കുന്ന 1,540 കുപ്പി മരുന്നാണ് സംഘത്തിൽ നിന്ന് കണ്ടെടുത്തത്. സംഘത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. പശ്ചിമ ബംഗാളിലെ ഇന്തോ - ബംഗ്ലാദേശ് അതിർത്തി ജില്ലയായ മാൽയിലെ നവാദയിൽ നിന്നും ഇന്നലെ 160 കുപ്പി നിരോധിത മരുന്നുമായി മാൽഡ സ്വദേശിയായ ഗുരുപാദ് മണ്ഡൽ എന്നയാൾ പിടിയിലായിരുന്നു. ഇതിനു പിന്നാലെയാണ് ഒരു സംഘം തന്നെ പൊലീസ് വലയിലാകുന്നത്. മരുന്നുമായുള്ള ഒരു ബാഗ് അന്താരാഷ്ട്ര അതിർത്തി കടത്തിയാൽ 1200 രൂപ വീതം ലഭിക്കമെന്നാണ് മണ്ഡൽ പൊലീസിനു നൽകിയ മൊഴി. ശനിയാഴ്ച നടത്തിയ മറ്റൊരു റെയ്ഡിൽ 386 കുപ്പി മരുന്നും തുടർന്നു നടത്തിയ തെരച്ചിലിൽ 1004 കുപ്പി മരുന്നും കണ്ടെത്തി.