ganesh-chathurthi

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഗണേഷ് ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങളുമായി ഡല്‍ഹി സര്‍ക്കാര്‍. ഗണേശോത്സവത്തിൽ വലിയ ആഘോഷങ്ങളോ വിഗ്രഹ നിമജ്ജനമോ ഉണ്ടാവില്ലെന്ന് ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതി അറിയിച്ചു.

ഈ നിയമം ലംഘിക്കുന്നവര്‍ക്ക് 50,000 പിഴ ഈടാക്കാനും നിര്‍ദ്ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം ആഗസ്റ്റ് 22നാണ് ഗണേശ ചതുര്‍ത്ഥി ആഘോഷിക്കുന്നത്. ഡല്‍ഹിയിലെ യമുനാ നദിയിലാണ് വിഗ്രഹം നിമജ്ജനം ചെയ്യുന്നത്. എന്നാല്‍, 2015ലെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് യമുനാ നദിയില്‍ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഡല്‍ഹി സര്‍ക്കാര്‍ ഇതിനായി പൊതു സ്ഥലങ്ങളില്‍ തന്നെ താത്കാലിക കുളങ്ങള്‍ നിര്‍മ്മിച്ചിരുന്നു. എന്നാല്‍, ഈ വര്‍ഷം വിഗ്രഹം നിമജ്ജനം ചെയ്യുന്നതിന് ഈ രീതിയും ഉണ്ടാകില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കൊവിഡ് പടരുന്നതിന് ഇത് കാരണമാകും എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മഹാമാരി കണക്കിലെടുത്ത് വലിയ സഭകള്‍ സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നതിനാല്‍ ആഘോഷങ്ങള്‍ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിഗ്രഹവുമായുള്ള വാഹനങ്ങള്‍ പോകുന്നത് പരിശോധിക്കുന്നതിന് പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.