കൊവിഡ് കാലത്ത് വീടുകളിലിരിപ്പായതോടെ പലരും മടിയന്മാരും മടിച്ചികളുമായെന്നാണ് പൊതുവെയുള്ള പരാതി. സിനിമാതാരങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. കൊവിഡ് കാരണം തങ്ങളുടെ വീടുകളിൽ അടച്ചിരിക്കേണ്ടി വന്നുവെങ്കിലും പതിവിൽ നിന്നും അധികമായി തങ്ങളുടെ കുടുംബവുമായി കൂടുതൽ സമയം ചിലവഴിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷത്തിലാണ് നടീനടന്മാർ ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകർ. ഇവരിൽ ഈ സമയം ഏറ്റവും ക്രിയാത്മകമായി ചിലവഴിക്കുന്നവരും നിരവധിയാണ്.
അതിലൊരാളാണ് മലയാളത്തിന്റെ മെഗാസ്റ്റാറും ഇന്ത്യൻ സിനിമയിലെ മഹാനടനുമായ മമ്മൂട്ടി. ആരോഗ്യം നന്നായി ശ്രദ്ധിക്കുന്നയാളെന്ന് പേര് കിട്ടിയിട്ടുള്ള മമ്മൂക്ക ഇത്തവണ ആരാധകരെ കാര്യമായി തന്നെ ഞെട്ടിച്ചിരിക്കുകയാണ്. താൻ വർക്ക്ഔട്ട് ചെയ്യുന്ന രണ്ട് ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാം വഴി മെഗാസ്റ്റാർ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൈയ്യിലെ മസിലും മുഖത്തെ കണ്ണടയുമായി 'നേർഡി/മാസ്' ലുക്കിലാണ് മമ്മൂട്ടി ആരാധകരെ അമ്പരപ്പിക്കുന്നത്. അതോടൊപ്പമുള്ള താടിയും അദ്ദേഹത്തിന്റെ ഈ 'റഗ്ഗഡ്' ലുക്കിനെ പൊലിപ്പിക്കുന്നുണ്ട്.
മമ്മൂട്ടിയുടെ പോസ്റ്റ് നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. പിന്നാലെ ടോവിനോ തോമസ്, അനു സിതാര, ഷറഫുദീൻ, ശ്രിൻഡ തുടങ്ങിയ നിരവധിപേർ പോസ്റ്റിനു താഴെ മമ്മൂട്ടിയുടെ പുത്തൻ ലുക്കിനെ അഭിനന്ദിച്ചുകൊണ്ട് എത്തുകയും ചെയ്തു. 'വർക്ക് അറ്റ് ഹോം, വർക്ക് ഫ്രം ഹോം, ഹോം വർക്ക്, നോ അദർ വർക്ക്, സോ വർക്ക് ഔട്ട്!' എന്ന രസകരമായ അടികുറിപ്പാണ് മമ്മൂട്ടി തന്റെ ചിത്രത്തിന് നൽകിയിരിക്കുന്നത്.