kerala

കൊച്ചി: കൊവിഡാനന്തരമുള്ള നിക്ഷേപസാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ചെയർമാനായി സംസ്ഥാന സർക്കാർ സ്‌പെഷ്യൽ ഇൻവെസ്‌റ്ര്‌മെന്റ് പ്രമോഷൻ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവനാണ് വൈസ് ചെയർമാൻ. നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള നിയമങ്ങൾ പാസാക്കാനായത് കേരളത്തിന് നേട്ടമാകുമെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു.

ജനുവരിയിൽ കൊച്ചിയിൽ നടന്ന അസെൻഡ് കേരള നിക്ഷേപക സംഗമത്തിൽ അവതരിപ്പിച്ച 25,000 കോടി രൂപയുടെ 54 പദ്ധതികൾക്ക് കഴിഞ്ഞ മാസങ്ങൾക്കിടെ തുടക്കമിട്ടിരുന്നു. ഭൂമി രജിസ്‌ട്രേഷൻ, കെട്ടിട അനുമതി, മലിനീകരണ നിയന്ത്രണം, വൈദ്യുതി-ജല കണക്ഷനുകൾ എന്നിവയ്ക്കായുള്ള നിയമങ്ങളാണ് കേരളം ലഘൂകരിച്ചത്. അസെൻഡിൽ അവതരിപ്പിച്ച പദ്ധതികളിൽ 703 കോടി രൂപ ചെലവ് വരുന്ന 16 എണ്ണം മൂന്നുമാസത്തിനകം യാഥാർത്ഥ്യമാകും. 700 കോടി രൂപ ചെലവുള്ള 15 പദ്ധതികൾ ആറുമാസത്തിനകവും 5,456.48 കോടി രൂപയുടെ 23 പദ്ധതികൾ ഒരുവർഷത്തിനകവും പ്രാവർത്തികമാകും. മറ്ര് 61 പദ്ധതികളുടെ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്.

ഗതാഗത കേന്ദ്രീകൃത അടിസ്ഥാനസൗകര്യ പദ്ധതികൾ, ഇലക്‌ട്രോണിക്‌സ്, ഹൈടെക് മേഖല, ടൂറിസം, ഹോസ്‌പിറ്റാലിറ്റി, നിർമ്മാണ വ്യവസായങ്ങൾ, ഭക്ഷ്യ-സുഗന്ധവ്യഞ്ജന സംസ്‌കരണ യൂണിറ്റുകൾ എന്നിവയ്ക്കാണ് കേരളം കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും മന്ത്രി പറഞ്ഞു.