ശ്രീനഗർ: ജമ്മു കാശ്മീരിൽ ആട്ടിടയന് നേരെ ഗോരക്ഷാ പ്രവർത്തകരുടെ ആക്രമണം. ഗാരി ഗബ്ബാർ ഗ്രാമത്തിലെ മുഹമ്മദ് അസ്ഗറിനെയാണ് (48) 20 പേരടങ്ങുന്ന സംഘം മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ അസ്ഗർ ഇപ്പോൾ ചികിത്സയിലാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അസ്ഗറിന്റെ കൃഷിയിടത്തിൽ വഴിതെറ്റിയെത്തിയ പശുക്കൾ വിള നശിപ്പിച്ചിരുന്നു.
അസ്ഗറിന്റെ മകൻ ജാവേദ് ഇവയെ ഓടിച്ച് വിട്ടു. സംഭവത്തിന് പിന്നാലെ സംഘടിച്ച നാട്ടുകാർ ഇവരോട് യോഗത്തിന് വരാൻ ആവശ്യപ്പെട്ടു. അസ്ഗറും മകൻ ജാവേദും യോഗത്തിന് എത്തിയപ്പോൾ പശുക്കളിലൊന്നിന് പരിക്കേറ്റെന്നാരോപിച്ച് ഇയാളെ തല്ലിച്ചതക്കുകയായിരുന്നെന്ന് ഗുജ്ജാർ ആക്ടിവിസ്റ്റായ മാലിക് അബ്ബാസ് പറഞ്ഞു. ജാവേദിനും മർദ്ധനമേറ്റതായി റിപ്പോർട്ടുണ്ട്.രാജ്യദ്രോഹികളെ വെടിവച്ച് കൊല്ലണം എന്ന മുദ്രാവാക്യവുമായാണ് അസ്ഗറിനെ തല്ലിയത്. സംഭവസ്ഥലത്തെത്തിയ പൊലീസ് അക്രമികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പൊലീസ് കേസ് എടുത്തിട്ടുണ്ട്. ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.