dhoni-

ധോണിയെന്ന ബാറ്റ്സ്മാനെയും ധോണിയെന്ന നായകനെയും അടയാളപ്പെടുത്തിയ ഇന്നിംഗ്സായിരുന്നു 2011 ലോകകപ്പ് ഫൈനലിലേത്. ഉത്തരവാദിത്വം ഏറ്റെടുത്ത് ബാറ്റിംഗ് ഒാർഡറിൽ മുന്നിലേക്ക് വരാൻ കാട്ടിയ ചങ്കൂറ്റം, അവസാനം വരെ പൊരുതിനിന്ന് ടീമിനെ വിജയത്തിലെത്തിക്കാനുള്ള നിശ്ചയ ദാർഡ്യം, വിജയറൺ നേടാൻ തന്റെ സ്പെഷ്യൽ ഹെലികോപ്ടർ ഷോട്ട് തന്നെ കളിക്കാനുള്ള ആത്മവിശ്വാസം എന്നിവയെല്ലാം വാഴ്ത്തപ്പെട്ടു.

വാങ്കഡെ സ്റ്റേഡിയത്തിൽ കപ്പുയർത്താൻ ഇന്ത്യ നേടേണ്ടിയിരുന്നത് 275 റൺസാണ്. എന്നാൽ ഇന്നിംഗ്സിന്റെ രണ്ടാമത്തെ പന്തിൽത്തന്നെ വിരേന്ദർ സെവാഗ് ഡക്കായി.ഏഴാം ഒാവറിൽ സച്ചിനും (18) 22-ാം ഒാവറിൽ വിരാടും (35) പുറത്തായതോടെ ഇന്ത്യ 114/3 എന്ന നിലയിലായി. സ്വാഭാവികമായി ആ ഘട്ടത്തിൽ ഇറങ്ങേണ്ടിയിരുന്നത് യുവ്‌രാജ് സിംഗായിരുന്നു. യുവിയാകട്ടെ ടൂർണമെന്റിലുടനീളം മികച്ചഫോമിലും. എന്നാൽ മുത്തയ്യ മുരളീധരനെതിരെ തനിക്ക് നന്നായി കളിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ധോണിയെ അഞ്ചാമനായി കളത്തിലേക്ക് എത്തിച്ചു.

നാലാം വിക്കറ്റിൽ ഗൗതം ഗംഭീർ നെഞ്ചുറച്ചുനിന്ന് നടത്തിയ പോരാട്ടത്തിന് ധോണി നൽകിയ പിന്തുണയിൽ ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസം ഏറിയേറി വന്നു. സെഞ്ച്വറിക്ക് മൂന്ന് റൺസ് അകലെ വച്ച് 42-ാം ഒാവറിൽ ഗംഭീർ പുറത്തായെങ്കിലും യുവി വരാനുണ്ടായിരുന്നു. ഇരുവരും ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.48-ാം ഒാവറിൽ നുവാൻ കുലശേഖര എറിഞ്ഞ പന്ത് ഹെലികോപ്ടർ ഷോട്ടിലൂടെ ധോണി ഗാലറിയിലെത്തിക്കുമ്പോൾ ഇന്ത്യയൊട്ടാകെ ആരവങ്ങൾ അലയടിച്ചുയർന്നു. 79 പന്തുകളിൽ എട്ടുഫോറും രണ്ടുസിക്സുമടക്കം ധോണി നേടിയ 91 റൺസിന് സെഞ്ച്വറിയേക്കാൾ തിളക്കമുണ്ടായിരുന്നു.ഫൈനലിലെ മാൻ ഒഫ് ദ മാച്ച് പുരസ്കാരം ധോണിയെത്തേടിയെത്തി. അതിലും വിലയുണ്ടായിരുന്നു ആ ഇന്നിംഗ്സിനെ സുനിൽ ഗാവസ്കർ വിശേഷിപ്പിച്ച വാക്കുകൾക്ക്... മരണമെത്തുന്ന നേരത്ത് എനിക്ക് ലോകകപ്പ് ഫൈനലിലെ ധോണിയുടെ ആ ഇന്നിംഗ്സ് ഒന്നുകൂടി കണ്ട് ലോകത്തോട് വിടപറയണം ...