മകളെന്നും മകളാണ് " ഹിന്ദു കുടുംബ സ്വത്തിൽ മകൾക്കും മകനെപ്പോലെ അവകാശമുറപ്പിക്കുന്ന അടുത്തിടെ വന്ന സുപ്രീംകോടതി വിധിയിലെ പരാമർശം നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. സ്ത്രീയെ പുരുഷന്റെ, സ്വത്തായി മാത്രം കാണുന്ന വ്യവസ്ഥിതി ഒരു ദിവസം കൊണ്ടു മാറുന്നതല്ല. സ്ത്രീകളുടെയും ഭിന്നലിംഗക്കാരുടെയുമൊക്കെ സ്വത്വം സമൂഹത്തിൽ അംഗീകരിക്കപ്പെടാത്ത അവസ്ഥ നമ്മുടെ സാമൂഹ്യ പുരോഗതിയെ തന്നെ കാര്യമായി ബാധിക്കുന്നു.
രണ്ട് തലമുറകൾക്കു മുൻപ് പെൺമക്കൾക്കു ചില സമുദായങ്ങളിൽ പ്രാധാന്യമുണ്ടായിരുന്ന സമ്പ്രദായം നിലനിന്നിരുന്ന നാടാണ് കേരളമെന്നുപോലും പുതിയ തലമുറയിലെ കുട്ടികൾക്ക് അറിയുമെന്ന് തോന്നുന്നില്ല.
ഒാരോ വ്യവസ്ഥയിലുമുള്ള നന്മ തിന്മ തിരിച്ചറിഞ്ഞ് ലിംഗനീതി ഉറപ്പാക്കാൻ ബോധപൂർവമായ ശ്രമങ്ങൾ സമൂഹത്തിലെ ഒരോ വിഭാഗത്തിൽ നിന്നും ഉണ്ടാകേണ്ടതുണ്ട്.
നമ്മുടെ ശിക്ഷാനിയമത്തിൽ നിന്ന് 497, 377 സെക്ഷനുകൾക്ക് മാറ്റം വരാൻ സുപ്രീംകോടതി ഇടപെട്ടത് അടുത്ത കാലത്താണ്. നമ്മുടെ സേനയിൽ പോർമുഖത്തു നിന്നു പോരാടാൻ സ്ത്രീകൾക്ക് അവസരം ലഭിക്കാൻ പോകുന്നതും സുപ്രീം കോടതിയുടെ ഇടപെടലിലൂടെയാണ്. പുരുഷന്മാർ മാത്രമുള്ള ഇടങ്ങളായി തൊഴിലിടങ്ങൾ ചുരുങ്ങിയാൽ അവിടെ ജോലി ചെയ്യുന്നവർക്ക് മറ്റുള്ളവരെ ആദരിക്കാൻ തന്നെ ബുദ്ധിമുട്ടുണ്ടാകാം. മുപ്പതു വർഷങ്ങൾക്കു മുൻപ് ഞങ്ങൾ ഐ.പി.എസ് പ്രൊബേഷണർമാർ ആർമി അറ്റാച്ച്മെന്റിനായി ജമ്മുവിലെത്തി. രാവിലെ അരിച്ചെത്തുന്ന തണുപ്പിൽ, മുറി വാതിലിൽ മുട്ടുകേട്ടുണർന്നു ചൂടുചായ എത്തിയ സന്തോഷത്തിൽ മുറി തുറന്നപ്പോൾ മുൻപിൽ ഒരു കുപ്പിയിൽ ചായയുമായി ബെയറർ! ഞാൻ ചോദിച്ചു
'ഭൈയ്യാ, ചായ ഫ്ളാസ്കിൽ കിട്ടുകയില്ലേ ഇവിടെ?" 'ഓ അത് ഓഫീസർമാർക്കേ ഉള്ളൂ", ഞാൻ ഞെട്ടിപ്പോയി ഞാൻ ഓഫീസറാണെന്ന് പറഞ്ഞിട്ട് അയാൾക്ക് മുഖത്ത് പരമപുച്ഛം. ലെയ്സൺ ഓഫീസറോട് പറഞ്ഞു ബോദ്ധ്യപ്പെടുത്തേണ്ടിവന്നു ഞങ്ങൾ രണ്ട് സ്ത്രീ ഓഫീസർമാർക്ക് ഫ്ളാസ്കിൽ ചായ ലഭിക്കാൻ.
ഞങ്ങളുടെ ബാച്ചിലെ രശ്മി പൊക്കം കുറഞ്ഞ് മെലിഞ്ഞ ആളാണ്. രാവിലെ ഞങ്ങൾ യൂണിഫോം ധരിച്ചു റെഡിയായി മെസ്സിനു പുറത്തു നിറുത്തിയിട്ടിരിക്കുന്ന ഞങ്ങൾക്കു പോകാനുള്ള ആർമി ബസിനു മുൻപിലെത്തി. ഡ്രൈവറുടെ സീറ്റിനു ഇടതുവശത്തുള്ള സീറ്റിൽ ഇരുന്നത് രശ്മിയാണ്. ഡ്രൈവർ പറഞ്ഞു, 'സ്ത്രീ പുറകോട്ട് ഇറങ്ങിയിരിക്കണം. ഈ സീറ്റ് ഓഫീസർമാർക്കു മാത്രം ഇരിക്കാനുള്ളതാണ്'. ഞങ്ങളെല്ലാവരും ഞെട്ടിപ്പോയി. കൂടെയുള്ള മറ്റ് ഓഫീസർമാർ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിട്ടും ആ ഡ്രൈവർ വണ്ടിയെടുക്കാൻ തയ്യാറായില്ല.
എല്ലാവരും യൂണിഫോമിൽ, ഐ.പി.എസും സ്റ്റാറുമൊക്കെ ഒരു പോലെ എങ്കിലും അയാൾക്കത് കാണാൻ കണ്ണില്ല! രശ്മി ആ സീറ്റിൽ നിന്നിറങ്ങാതെ അവിടെത്തന്നെയിരിക്കട്ടെ എന്നു ഞങ്ങൾ തീരുമാനിച്ചു. മറ്റാരോ പോയി ലെയ്സൺ ഓഫീസറെ വിളിച്ചു കൊണ്ടുവന്നു. അദ്ദേഹം ചോദിച്ചു 'അതിനെന്താ അവർ പിന്നോട്ടിറങ്ങിയാൽ പോരായിരുന്നോ?" അതു സാദ്ധ്യമല്ല ഇത് സ്ക്വാഡ് ലീഡർ രശ്മിയാണ് എന്ന് അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തേണ്ടിവന്നു ഞങ്ങൾക്ക്! പിന്നെ അറ്റാച്ച്മെന്റ് കഴിയുവോളവും രശ്മിയോ ഞനോ മാത്രം ആ സീറ്റിൽ ഇരുന്നാൽ മതിയെന്നായി ഞങ്ങളുടെ ഏകകണ്ഠേന ഉള്ള തീരുമാനം. സ്ത്രീ പുരുഷ വ്യത്യാസം അല്പം പോലുമില്ലാത്ത നാഷണൽ പൊലീസ് അക്കാഡമിയിൽ നിന്ന് പുറത്തിറങ്ങിയ ഞങ്ങൾക്കാർക്കും പൊറുക്കാവുന്നതായിരുന്നില്ല ഈ ലിംഗവിവേചനം. ഞങ്ങൾ രണ്ടു സ്ത്രീകളും പതിനെട്ടു പുരുഷന്മാരുമടങ്ങുന്ന ടീം ഒറ്റക്കെട്ടായി അതിനെ നേരിട്ടു തോൽപ്പിച്ചു. ഇന്ന് ഇത്തരം വിവേചനമൊക്കെ തീർച്ചയായും മാറിക്കാണും.
വിവേചനം നേരിടുന്നതിൽ നാം ഒറ്റക്കെട്ടായാൽ കാര്യങ്ങൾ എളുപ്പമാകും. ലളിതമാകും. മറിച്ചായാൽ അതൊരു വലിയ പോരാട്ടമാകും. വിജയിക്കാൻ ഏറെ സമയമെടുക്കും. മകൾക്കു സ്വത്തവകാശം നൽകുന്ന വിധി മകനും ഒപ്പം അച്ഛനും അമ്മയും ഉൾക്കൊണ്ടാൽ അതു യാഥാർത്ഥ്യമാകും. എന്നാൽ കുടുംബമാകെ എതിർത്താൽ നിയമപോരാട്ടത്തിലൂടെ മാത്രമേ പെൺകുട്ടികൾക്ക് സ്വത്തവകാശം ഉറപ്പിക്കാനാകൂ. അങ്ങനെ വന്നാൽ കുടുംബ ബന്ധങ്ങൾ ഉലയേണ്ട എന്നു കരുതി പലരും അവകാശങ്ങൾ വേണ്ട എന്നു തീരുമാനിക്കും.
സുപ്രീംകോടതി വിധിയുടെ അന്തഃസത്ത സമൂഹം ഉൾക്കൊണ്ട് മുന്നോട്ടുപോയാൽ വിധി അതിന്റെ യഥാർത്ഥ അർത്ഥത്തിൽ നടപ്പിലാകും. ഇല്ലെങ്കിൽ രാജ്യത്തെ ആകെ സ്വത്തിന്റെ ഒരു ശതമാനം പോലും സ്ത്രീകളുടെ പേരിലില്ല എന്ന നിലവിലെ സ്ഥിതിക്ക് വലിയ മാറ്റം ഉടനെ ഉണ്ടാവുകയില്ല.
സ്വത്തവകാശം സ്ത്രീകൾക്കില്ലാത്തതിനാൽ തന്നെയാണ് ലിംഗനീതി ശരിയായി നടപ്പാകാത്തതും എന്നത് ഒരു നഗ്നസത്യമാണ്. കുടുംബത്തിന്റെ കെട്ടുറപ്പാണു വലുതെങ്കിൽ അതിനു വേണ്ടത് സ്ത്രീക്കും പുരുഷനും ഒരു പോലെ കുടുംബത്തിലെ സ്വത്തിൽ അവകാശമുണ്ടാകുന്നതു തന്നെയാണ്. ഒരാൾ അടിമയും മറ്റേയാൾ ഉടമയുമാകുമ്പോൾ അവിടെ അസമത്വവും അതിൽ നിന്ന് ഉടലെടുക്കുന്ന അസ്വസ്ഥതകളുമുണ്ടാകും. ഒരോ വീട്ടിലും ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരേ നീതിയിൽ, സ്നേഹം നൽകി നമുക്കു വളർത്താം.