വാരവിശേഷം
................................
കാട് വാ, വാ... വീട്, പോ, പോ... കാലമാണ്. കൊവിഡ് മഹാമാരി ഉണ്ടാക്കി വച്ചതെന്നാണ് അനുമാനം. കാക്കകൾ മലർന്ന് പറക്കുന്നു. മീനുകൾ കരയിൽ നീന്തിത്തുടിക്കുന്നു. പുലി എലിയെ പേടിച്ച് ചുരുണ്ടുകൂടുന്നു. ചെന്നിത്തല ഗാന്ധിക്ക് ചട്ടമ്പിസ്വാമി അവാർഡ് കിട്ടുന്നു. വാർത്താസമ്മേളനം അങ്ങനെയുമിങ്ങനെയുമൊന്നും നടത്തില്ലെന്ന് ശപഥമെടുത്തു നിന്നിരുന്ന പിണറായി സഖാവ് വർഷത്തിലെ മുന്നൂറ്റിയറുപത്തിയഞ്ചേകാൽ ദിവസവും വാർത്താസമ്മേളനം നടത്താതെ ഉറങ്ങില്ലെന്ന് പറയുന്നു. (വന്നുവന്ന് അതിപ്പോൾ 40 മിനിറ്റ് നേരത്തേ വാർത്താവായനയും 20 മിനിറ്റ് നേരത്തേ മാദ്ധ്യമവിചാരണയും എന്നതായി അവസ്ഥയെന്ന് നിരീക്ഷകർ വിലയിരുത്തുന്നുണ്ട്.) ഡോക്ടർമാരും നഴ്സുമാരും എടുക്കേണ്ട പണി പൊലീസേമ്മാന്മാർ എടുക്കുന്നു. സ്വർണക്കള്ളക്കടത്ത് നടത്തുന്ന സംഘം സെക്രട്ടേറിയറ്റിലും പരിസരത്തുമൊക്കെയായി പലതും ഒപ്പിച്ചെടുക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ തൂണും ചുവരുമെല്ലാം ശിവശങ്കരൻ കുലുങ്ങുമ്പോൾ മാത്രം കിടുകിടാ വിറയ്ക്കുന്നു...എന്താ കഥ!
വാസ്തവം പറഞ്ഞാൽ പിണറായി സഖാവിനുണ്ടായ ഭാവപരിണാമമാണ് ഇതിലേറ്റവും ശ്രദ്ധേയമായ മാറ്റമെന്ന് നരവംശശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അധികാരമേറ്റെടുത്ത അന്ന് വൈകുന്നേരം സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ സ്വന്തം കോൺഫറൻസ് ഹാളിലിരുന്ന് മാദ്ധ്യമപ്രവർത്തകരെ ഇടംകണ്ണിട്ട് നോക്കിയ സഖാവ്, ഇനി മുതൽ എല്ലാ ബുധനാഴ്ചയിലും മന്ത്രിസഭായോഗത്തിലെ കാര്യങ്ങൾ വിളിച്ചുപറയാനായി നിങ്ങളെയിങ്ങനെ കണ്ടുകൊണ്ടിരിക്കാൻ തന്നെക്കൊണ്ട് സാധിക്കില്ലെന്ന് തീർത്ത് പറയുകയുണ്ടായി.
അന്നുതൊട്ട് പിണറായി സഖാവ് വല്ലപ്പോഴുമൊക്കെ പത്രക്കാർക്കും ചാനലുകാർക്കും മുന്നിൽ പ്രത്യക്ഷപ്പെട്ടെങ്കിലായി എന്നതായിരുന്നു അവസ്ഥ. പ്രളയം വന്നാൽ ലോകത്ത് അദ്ഭുതങ്ങൾ സംഭവിക്കുമെന്നത് കൊണ്ട് പ്രളയം വന്നേപ്പിന്നെ സഖാവ് പത്രക്കാരെയും ചാനലുകാരെയും നാഴികയ്ക്ക് നാല്പതുവട്ടമെന്ന കണക്കിൽ കണ്ട് തുടങ്ങുകയുണ്ടായി. പ്രളയമൊടുങ്ങിയതോടെ സഖാവും പിൻവാങ്ങിയതായിരുന്നു. ആ സുവർണ പ്രളയകാലം ഇങ്ങിനി വരാത്തവണ്ണം പോയ് മറഞ്ഞുവെന്ന് പത്രക്കാരും ചാനലുകാരും നിനച്ചിരിക്കാൻ ചില കാരണങ്ങളൊക്കെ ഉണ്ടായെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. 'കടക്കുക പുറത്തെന്ന് കല്പിക്കും ഗോത്രമുഖ്യനെ" ഒരു നാൾ മാദ്ധ്യമങ്ങളായ മാദ്ധ്യമങ്ങൾ ദർശിക്കാനിടയായതായിരുന്നു കാരണം. അന്നേരം നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിലെ ഉത്തരത്തിലിരുന്ന് ഒരു പല്ലി ചിലച്ചിരുന്നു.
പക്ഷേ, ലോകം കീഴ്മേൽ മറിയുക എപ്പോഴാണെന്ന് ആർക്കും ഒരു നിശ്ചയവുമുണ്ടാവില്ല. അല്ലെങ്കിൽ ഇങ്ങനെയൊരു മഹാമാരി ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഇരുപതാം വർഷത്തിൽ പ്രത്യക്ഷപ്പെടുമായിരുന്നോ? ഇല്ല. മഹാമാരി ഒരു നിമിത്തമായി എന്ന് പിണറായി സഖാവ് പറഞ്ഞിട്ടില്ല. സഖാവ് അങ്ങനെ പറയുന്ന സ്വഭാവക്കാരനല്ല. പക്ഷേ സഖാവിന് അദ്ഭുതകരമായ മാറ്റം സംഭവിച്ചെന്ന് പു.ക.സ കേന്ദ്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഒരു ദിവസമെങ്കിലും പത്രക്കാരെയും ചാനലുകാരെയും കണ്ടില്ലെങ്കിൽ സഖാവ് അന്ന് ഉറക്കപ്പായിൽ പിച്ചുംപേയും പറയുമെന്നതാണ് സാഹചര്യമെന്ന് കൊട്ടാരം വൈദ്യന്മാർ വെളിപ്പെടുത്തുന്നു. പത്രക്കാരും ചാനലുകാരും എന്തൊക്കെ ചൊറിഞ്ഞ് ചോദിച്ചാലും സഖാവിന്റെ ശരീരോഷ്മാവിൽ യാതൊരുവിധ വ്യതിയാനവും (സാധാരണഗതിക്ക് ഊഷ്മാവ് ഉയർന്ന് പൊങ്ങേണ്ടതാണ്) സംഭവിക്കുന്നില്ല എന്നതാണ് വലിയ അദ്ഭുതം!
സ്വർണക്കടത്ത് പുലിവാലാകുന്നത് വരെയും സഖാവ് കുഴപ്പമില്ലാതെ പോവുകയായിരുന്നു. അടിതെറ്റിയാൽ ആനയും വീഴുമെന്നായത് കൊണ്ട് ഒരു ശിവശങ്കരൻ വിചാരിച്ചാൽ മതി എന്ന സ്ഥിതി വന്നുപെട്ടു. അതിനും നിമിത്തമായത് കൊവിഡെന്ന കുഞ്ഞൻ വൈറസാണെന്ന് അനുമാനിക്കുന്നതിൽ തെറ്റില്ല. ഇന്നിപ്പോൾ പിണറായി സഖാവിന് പത്രക്കാരും ചാനലുകാരും ചില പൊല്ലാപ്പുകളൊക്കെ ഉണ്ടാക്കിത്തുടങ്ങിയിട്ടുണ്ട്.
പിടിച്ചത് പുലിയുടെ വാലിന്മേലായതു കൊണ്ട് കോൺഗ്രസുകാർ ഗാന്ധിയെ പിടിച്ചതുപോലെ പിടിച്ച പിടി വിടാനും വയ്യ, വിടാതിരിക്കാനും വയ്യ എന്നായിട്ടുണ്ട് സാഹചര്യം. വാർത്താസമ്മേളനം നടത്താനും വയ്യ, നടത്താതിരിക്കാനും വയ്യ എന്നൊന്നും പിണറായി സഖാവ് ഈയന്തരീക്ഷത്തെ വിശേഷിപ്പിക്കില്ല. ആയതിനാൽ, ആദ്യത്തെ 44 മിനിറ്റ് വാർത്തവായനയ്ക്കും പിന്നത്തെ 16 മിനിറ്റ് ചില സൈബർ നിരൂപണങ്ങൾക്കും വേണ്ടി മാറ്റിവയ്ക്കാമെന്ന് സഖാവ് തീരുമാനിച്ചെങ്കിൽ അതിൽ ആർക്കും ഒരു കുറ്റവും പറയാനാവില്ല.
സുക്കർബർഗിന്റെ സ്ഥലമായത് കൊണ്ട് ഫേസ്ബുക്കിലൂടെ മാദ്ധ്യമപ്രവർത്തകരെ ആർക്കും എന്തും പറയാവുന്നതാണ്. അത് പിണറായി സഖാവിന്റെ സ്വന്തം അണികൾക്കും ആകാം. വനിതാ മാദ്ധ്യമപ്രവർത്തകരെപ്പറ്റിയാണെങ്കിൽ മിനിമം അവരുടെ വീട്ടുകാരെയെങ്കിലും അസഭ്യം പറഞ്ഞിരിക്കണം. കൊവിഡ് കാലത്ത് ആരോഗ്യകരമായ സംവാദം അങ്ങനെ മാത്രമേ സാദ്ധ്യമാകൂ എന്ന് പ്രശസ്ത സൈബർ നിരൂപകൻ കൂടിയായ പിണറായി സഖാവ് വിലയിരുത്തുന്നുണ്ട്. അതുകൊണ്ടാണ് മാദ്ധ്യമപ്രവർത്തകരെപ്പറ്റി പറഞ്ഞത് സംവാദമാണോയെന്ന് പരിശോധിക്കട്ടെയെന്ന് സഖാവ് അറിയിച്ചത്. സൈബർ ആക്രമണം എന്നൊക്കെ പറഞ്ഞ് ഇതിനെയെന്തോ മഹാമാരിയാണെന്ന് വരുത്തിത്തീർക്കാൻ അതുകൊണ്ടാരും ശ്രമിക്കാതിരിക്കുക.
വ്യക്തിപരമായ അധിക്ഷേപങ്ങളെ വകവച്ച് കൊടുക്കില്ലെന്ന് സഖാവ് തീർത്തുപറഞ്ഞിട്ടുണ്ട്. കോൺഗ്രസിലെ ഫേസ്ബുക് മഹാമാരിയായ ബൽറാം ഗാന്ധി പണ്ട് എ.കെ.ജിയെപ്പറ്റി പലതും പറഞ്ഞിട്ടുള്ളതിനാൽ സഖാവിന് പിടിച്ചുനിൽക്കാൻ ഇനിയുമേറെ വകയുണ്ട്.
(ഇ-മെയിൽ: dronar.keralakaumudi@gmail.com)