2020 ലെ ദേശീയ വിദ്യാഭ്യാസനയമനുസരിച്ച് വരുന്ന 15 വർഷത്തിനുള്ളിൽ പരമാവധികോളേജുകൾക്ക് സ്വയംഭരണാധികാരം നൽകാം. പരമാവധികോളേജുകളുടെ ഗുണനിലവാരം വിലയിരുത്താൻ പുതുതായി രൂപീകരിക്കുന്ന ഇന്ത്യൻ ഹയർ എഡ്യൂക്കേഷൻ കമ്മിഷന്റെ കീഴിലുള്ള നാല് ഏജൻസികളിൽ ഒന്നായി നാഷണൽ അക്രഡിറ്റേഷൻ കൗൺസിൽ രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 2019 വരെ ഇന്ത്യയിൽ 25 സംസ്ഥാനങ്ങളിലായി 747 സ്വയംഭരണകോളേജുകളാണുള്ളത്. തമിഴ്നാട്ടിൽ മാത്രം 208കോളേജുകൾ.കേരളത്തിൽ 19 മാത്രം.
പ്രധാന നേട്ടങ്ങൾ
സ്വയംഭരണകോളേജുകളിൽ ഒരു വിഷയം ആര് പഠിപ്പിക്കണം, എന്ത് പഠിപ്പിക്കണം, എങ്ങിനെ പഠിപ്പിക്കണമെന്നുള്ളത് ബന്ധപ്പെട്ടകോളേജുകൾക്ക് തീരുമാനിക്കാം. പരീക്ഷകൾനേരിട്ട് നടത്തുന്നതിന്വേണ്ടി ഒരു കൺട്രോളർ ഒഫ് എക്സാമിനേഷൻസ് ഉണ്ടായിരിക്കും. കോളേജിലെ സീനിയർ അദ്ധ്യാപകനായ ഇവർക്ക്വേണ്ട അലവൻസുകൾ യു.ജി.സി നൽകും. സമയബന്ധിതമായി കാലതാമസമില്ലാതെ പരീക്ഷകൾ നടത്താൻ സാധിക്കുന്നെന്നുള്ളതാണ് ഇതിന്റെ മെച്ചം. നിലവിലുള്ളകോഴ്സുകളെ പുനഃസംഘടിപ്പിക്കാനും പുനർനാമകരണം ചെയ്യാനും സാധിക്കും. അംഗീകൃത വർക്ക്ലോഡിന് മാറ്റം വരാൻപാടില്ല. പക്ഷേ നിലവിലുള്ള എയ്ഡഡ്കോഴ്സുകളുടെ ഫീസ് തീരുമാനിക്കാനുള്ള അധികാരം തുടർന്നും സർക്കാരിനായിരിക്കും. അതേപോലെതന്നെ പുതുതായി ആരംഭിക്കുന്ന സ്വാശ്രയകോഴ്സുകൾക്ക് ഫീസ് തീരുമാനിക്കാൻ സർക്കാരിന്റെ മുൻകൂട്ടിയുള്ള അനുമതിയോടെ ബന്ധപ്പെട്ടകോളേജുകൾക്ക് തീരുമാനിക്കാം. സ്വാശ്രയകോഴ്സുകളുടെ പ്രവേശനത്തെ സംബന്ധിക്കുന്ന കാര്യങ്ങളിൽ സർക്കാരിന്റെ 'ഓട്ടോണമി അപ്രൂവൽ കമ്മിറ്റി"യുടെ അനുമതിതേടിയിരിക്കണം. പരീക്ഷകൾ നടത്തി അതിന്റെ മൂല്യനിർണയവും കഴിഞ്ഞ് മാർക്ക് ലിസ്റ്റ് സർവകലാശാലയ്ക്ക് അയച്ചുകൊടുക്കുകയും ബന്ധപ്പെട്ട സർവകലാശാല അതിന്റെയടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും. എയ്ഡഡ്കോഴ്സുകളുടെ ഒഴിവുകളിൽ പ്രവർത്തിക്കുന്ന ടീച്ചിംഗ് -നോൺ ടീച്ചിംഗ് സ്റ്റാഫുകളുടെ ശമ്പളം തുടർന്നും സർക്കാരിൽ നിന്നും ലഭിച്ചുകൊണ്ടിക്കും. ഇവരുടെ സർവ്വീസ് കണ്ടീഷൻ മാറ്റുന്നതിനുള്ള അധികാരം ബന്ധപ്പെട്ടകോളേജുകൾക്കുണ്ടായിരിക്കില്ല. കോളേജുകളിൽ എയ്ഡഡ്കോഴ്സുകളിൽ ഒഴിവ് വരുന്ന തസ്തികകളിൽ നിയമനം ലഭിച്ച അദ്ധ്യാപകർക്ക് അംഗീകാരം നൽകുന്നതിനും, മറ്റ് അഫിലിയേഷൻ സംബന്ധമായ അധികാരങ്ങളും തുടർന്നും സർവകലാശാലയിൽ നിക്ഷിപ്തമായിരിക്കും. പക്ഷേ പുതിയ സ്വാശ്രയകോഴ്സുകളുടെ സിലബസ് അംഗീകരിക്കുന്ന കാര്യത്തിൽ സർവകലാശാലയ്ക്ക് പരിമിതമായ അധികാരമേ ഉണ്ടായിരിക്കൂ. സർവകലാശാലകളുടെ കീഴിലുള്ള സ്വയംഭരണകോളേജുകളുടെ പ്രവർത്തനം വീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനും സർവകലാശാലാതലത്തിൽ ഒരു 'മോണിറ്ററിംഗ് കമ്മിറ്റി" ഉണ്ടായിരിക്കുകയും ഈമോണിറ്ററിംഗ് കമ്മിറ്റിയിൽ കൂടി ബന്ധപ്പെട്ട സർവകലാശാലക്ക്കോളേജുകളുടെ പ്രവർത്തനത്തെ നിയന്ത്രിച്ച് ഗുണനിലവാരം ഉറപ്പ് വരുത്താൻ സാധിക്കും. ഇതിന് പുറമേ സർക്കാർതലത്തിലുള്ള 'ഓട്ടോണമി അപ്രൂവൽ കമ്മിറ്റി"ക്കും കോളേജുകളെക്കുറിച്ച് ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഇൻസ്പെക്ഷൻ നടത്തി നടപടികൾ എടുക്കാവുന്നതാണ്. സാധാരണഗതിയിൽ ഒരുകോളേജിന് സ്വയംഭരണാധികാരം യു.ജി.സി. നൽകുന്നത് സ്ഥിരമായിട്ടല്ല. തുടക്കത്തിൽ പത്ത് വർഷത്തേക്കും തുടർന്നുള്ള അഞ്ച് വർഷം കൂടുമ്പോൾ യു.ജി.സി.യുടെ കമ്മിറ്റി കോളേജുകൾ സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തിയതിന്ശേഷവുമായിരിക്കും തുടർന്നുള്ള അംഗീകാരം പുതുക്കുന്നത്.
സ്വയംഭരണ കോളേജുകൾ കേരളത്തിൽ
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി സ്വയംഭരണകോളേജുകൾ ആരംഭിച്ചെങ്കിലുംകേരളത്തിൽ അത് തുടങ്ങാൻ 2015 വരെ കാത്തിരിക്കേണ്ടിവന്നു. ആദ്യഘട്ടത്തിൽ യു.ഡി.എഫ് സർക്കാരിന്റെ സമയത്ത് 11കോളേജുകളും തുടർന്ന് അടുത്തവർഷം എട്ട്കോളേജുകളും അങ്ങനെ മൊത്തം 19 ഓട്ടോണമസ്കോളേജുകളുമാണ് ഇവിടെ ആരംഭിച്ചത്. 18 എയ്ഡഡ്കോളേജും ഒരു ഗവൺമെന്റ്കോളേജും. രണ്ട് ഗവൺമെന്റ്കോളേജുകളാണ് ഓട്ടോണമസ് പദവി ലഭിക്കുന്നതിന് ശ്രമിച്ചിരുന്നത് - എറണാകുളം മഹാരാജാസ്കോളേജും തിരുവനന്തപുരം യൂണിവേഴ്സിറ്റികോളേജും. ഓട്ടോണമസ് പദവി നൽകുന്നതിനുള്ള യു.ജി.സി.യുടെ വിദഗ്ദ്ധ സമിതിയിൽ സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ഈലേഖകനും ഉണ്ടായിരുന്നു. രണ്ട്കോളേജുകളിലും ഇടതു പാർട്ടികളുടെയും സംഘടനകളുടെയുംനേതൃത്വത്തിൽ ശക്തമായ എതിർപ്പ് വിദഗ്ദ്ധ സമിതിക്ക്നേരിടേണ്ടി വന്നു.യൂണിവേഴ്സിറ്റികോളേജിൽ എത്തിയ വിദഗ്ദ്ധ സമിതിക്ക് ജീവനും കൈയിൽപ്പിടിച്ച് ഓടേണ്ടിവന്നതും ചരിത്രത്തിന്റെ ഭാഗം. ജമ്മു സർവകലാശാലാ പ്രൊഫസറായ സമിതി ചെയർമാനായിരുന്നു പിൻതിരിഞ്ഞോട്ടത്തിൽകേമനെന്നുള്ളതും ഇത്തരുണത്തിൽ ഞാൻ ഓർക്കുന്നു. തുടർന്ന് ചെയർമാന്റെ ആത്മഗതമായിരുന്നു അതിലും വിശേഷം. ''കാശ്മീരിൽ ഇത് എനിക്ക് പുതുമയല്ല.... സാറ് ഭയന്നുപോയോ....?"" അങ്ങിനെ ആ മുത്തശ്ശികലാലയത്തിന്റെ സ്വയംഭരണ സ്വപ്നം പൊലിഞ്ഞുപോയി...
സ്വയംഭരണകോളേജ് ആരംഭിക്കുന്ന കാര്യത്തിൽ ഇടതുസർക്കാരിന്റെ നയവ്യതിയാനം ശ്ലാഘനീയം തന്നെ. ഈ സർക്കാർ മുൻകൈയെടുത്ത് മൂന്ന് സ്വാശ്രയകോളേജുകൾക്ക് സ്വയംഭരണ പദവി ലഭിക്കാനുള്ള നടപടികൾ സ്വീകരിച്ചത് ഇടതുപക്ഷ സർക്കാർ ഉന്നത വിദ്യാഭ്യാസമേഖലയിൽ ഗുണനിലവാരം മെച്ചപ്പെടുത്താൻ കരുത്തുറ്റ നടപടികൾ എടുക്കാൻ തീരുമാനിച്ചതിന്റെ മുന്നോടിയായി കരുതേണ്ടിയിരിക്കുന്നു.
ദേശീയതലത്തിൽ തല ഉയർത്തിനിൽക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജികളെല്ലാം തന്നെ സ്വയം ഭരണസ്ഥാപനങ്ങളാണെന്നോർക്കേണ്ടതുണ്ട്.
(കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസൽ മുൻ
എക്സിക്യൂട്ടീവ് അംഗമാണ് ലേഖകൻ)