കൊൽക്കത്ത: സ്വാതന്ത്ര്യ ദിനത്തിൽ കരിങ്കൊടി ഉയർത്തി പശ്ചിമ ബംഗാളിലെ മാവോയിസ്റ്റുകൾ. ഒൻപത് വർഷം നീണ്ട മൗനത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ്ട് ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനവുമായി ജാർഗ്രാം ജില്ലയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അർദ്ധരാത്രി മാവോയിസ്റ്റുകൽ കരിങ്കൊടികൾ ഉയർത്തിയത്. ഇതുമായി ബന്ധപ്പെട്ട് ജാർഗ്രാമിലെ ഭൂലവേദാ എന്ന പ്രദേശത്ത് നിന്നും 25 പോസ്റ്ററുകളും പൊലീസ് കണ്ടെടുത്തതായി പശ്ചിമ ബംഗാൾ ആഭ്യന്തര വകുപ്പ് വ്യക്തമാക്കുന്നു.
മാവോയിസ്റ്റ് നേതാവായ ജാബാ മഹാതോ ആണ് ഇതിനു നേതൃത്വം നൽകിയതെന്നും പശ്ചിമ ബംഗാൾ പൊലീസ് അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലുള്ള സി.പി.ഐ (മാവോയിസ്റ്റ്) പ്രവർത്തകർ പട്ടാപകൽ പോസ്റ്ററുകൾ പതിപ്പിക്കുകയും കരിങ്കൊടി ഉയർത്തുക മാത്രമല്ല, ജില്ലയിലെ ബേൽപാഹാരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമപ്രദേശത്തെ ജനങ്ങളുമായി സന്ധിച്ചുവെന്നും വിവരമുണ്ട്.
24 മണിക്കൂറുകളാണ് മാവോയിസ്റ്റുകൾ നൂറോളം ഗ്രാമീണരുമായി കഴിച്ചുകൂട്ടിയതെന്നാണ് റിപ്പോർട്ട്. കൂടിക്കാഴ്ചയ്ക്കിടയിൽ ഗ്രാമീണർ തങ്ങളുടെ ഫോണുകൾ ഓഫ് ചെയ്ത് വയ്ക്കണമെന്നും ഇതുകൂടാതെ ജില്ലയിലെ നിരവധി ഗ്രാമങ്ങളിലെ ഗ്രാമപ്രമുഖരുമായും ജനങ്ങളുമായി മാവോയിസ്റ്റുകൾ ചർച്ച നടത്തിയതായും പൊലീസ് പറയുന്നുണ്ട്.
2011ൽ ജംഗൾമഹൽ പ്രദേശത്തുവച്ച് മാവോയിസ്റ്റ് ഗറില്ലാ നേതാവ് കിഷൻജി കൊല്ലപ്പെട്ടത് മുതൽ ഇവർ നിശ്ശബ്ദരായിരുന്നു. ഇപ്പോഴുള്ള ഈ നീക്കവും ഗ്രാമീണരെ സ്വാധീനിക്കാനുള്ള ശ്രമവും വീണ്ടും സജീവമാകാനുള്ള മാവോയിസ്റ്റുകളുടെ ഉദ്ദേശത്തെയാണ് സൂചിപ്പിക്കുന്നതെന്ന് പൊലീസും ഇന്റലിജൻസ് ബ്യൂറോയും കരുതുന്നു.