മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരുപിടി അഭിനേത്രിമാരിൽ ഏറെ മുന്നിലാണ് നടിയും നർത്തകിയുമായ ശോഭനയ്ക്ക് സ്ഥാനം. കാലമിത്ര കഴിഞ്ഞിട്ടും മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഈ മഹാനടിക്കുള്ള സ്ഥാനത്തിന് യാതൊരു കോട്ടവും സംഭവിച്ചിട്ടുമില്ല. മലയാളമുൾപ്പെടെ നിരവധി തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങിയിട്ടുള്ള താരം തമിഴ് സൂപ്പർതാരം രജനീകാന്തുമൊത്തുള്ള തന്റെ ഒരു അനുഭവം പങ്കുവയ്ക്കുകയാണിപ്പോൾ. രജനീകാന്തിന്റെ ഒപ്പം 'ശിവ ' എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവം ഒരു തമിഴ് മാദ്ധ്യമത്തോടാണ് ശോഭന പങ്കുവച്ചത്.
ചിത്രത്തിൽ രജനീകാന്ത് തന്റെ കാല് പിടിക്കുന്ന ഒരു രംഗമുണ്ടായിരുവെന്നും എന്നാൽ ആ സീനിനെ കുറിച്ച് കേട്ടപ്പോൾ തന്നെ അത് വേണ്ട എന്ന് രജനീകാന്ത് പറഞ്ഞു എന്നുമാണ് ശോഭന പറയുന്നത്. എന്നാൽ സംവിധായകൻ രജനീകാന്തിനെ നിർബന്ധിക്കുകയും തുടർന്ന് ആ സീൻ ചിത്രീകരിക്കുകയും ചെയ്തു. എന്നാൽ പിന്നീടാണ് രജനി തന്റെ കാല് പിടിക്കുന്നതായി അഭിനയിക്കാൻ വിസ്സമ്മതിച്ചതിന്റെ കാരണം മനസിലായതെന്ന് ശോഭന വിശദീകരിച്ചു.
'രജനിക്ക് കാലു പിടിക്കുന്നതിൽ പ്രശ്നമുണ്ടായിട്ടല്ല. അദ്ദേഹത്തിന്റെ ആരാധകർക്ക് അത് ഇഷ്ടമാകില്ല. അതുകൊണ്ടാണ് അദ്ദേഹം അത് മാറ്റണമെന്ന് പറഞ്ഞത്. ആ ചിത്രം ഇറങ്ങിയതിന് ശേഷം ശേഷം കുറേ ഭീഷണി സന്ദേശങ്ങൾ വന്നിരുന്നു. 'തലെെവർ എന്തിന് നിങ്ങളുടെ കാൽ പിടിക്കണം' എന്നൊക്കെയായിരുന്നു സന്ദേശം. അപ്പോൾ എനിക്ക് മനസ്സിലായി രജനി വിസമ്മതിച്ചതിന് പിന്നിലുള്ള കാരണം. വളരെ നല്ല വ്യക്തിയാണ് രജനി. അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുള്ള ആർക്കും മറിച്ചൊരു അഭിപ്രായം പറയാൻ കഴിയില്ല'- ശോഭന വ്യക്തമാക്കി.
ഇതോടൊപ്പം മമ്മൂട്ടിയും രജനീകാന്തും ശോഭനയും ഒന്നിച്ചഭിനയിച്ച 'ദളപതി' എന്ന മണിരത്നം സിനിമയെക്കുറിച്ചു ഒരു അനുഭവം കൂടി ശോഭന പങ്കുവച്ചു. ഷൂട്ടിങ് തിരക്കിനിടയിൽ തനിക്ക് വീട്ടിൽ പോകാൻ സാധിച്ചില്ല. മണിരത്നം അനുവാദം തന്നത് അനുസരിച്ച് ഒരു ദിവസം നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തു. എന്നാൽ ഒരു രംഗം ഷൂട്ട് ചെയ്യാൻ സാധിക്കാതിരുന്നതിനാൽ അന്ന് പോകാനാവില്ലെന്ന് മണിരത്നം അറിയിച്ചു. ഇതുകേട്ട് താൻ വിഷമിച്ച് കരഞ്ഞപ്പോൾ മമ്മൂട്ടിയാണ് ആശ്വസിപ്പിച്ചത്. 'അയ്യേ ശോഭന കരയുകയാണോ... സാരമില്ല, നാളെ വീട്ടിലേക്ക് പോകാം' എന്നാണ് മമ്മൂട്ടി പറഞ്ഞത്. ശോഭന പറയുന്നു.