mumbai-

മുംബയ് : കൊവിഡ് രോഗബാധ പടർന്നുപിടിക്കുന്ന സംസ്ഥാനങ്ങളിൽ മുന്നിലുള്ള മഹാരാഷ്ട്രയിൽ നിയന്ത്രണങ്ങള്‍ കാറ്റിൽപ്പറത്തി നിശാപാർട്ടിയും മദ്യസത്കാരവും. 28 സ്ത്രീകള്‍ അടക്കം 97 പേരെയാണ് മുംബൈയിലെ ഒരു റസ്റ്ററന്റില്‍ നിന്ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയും അശ്ലീല പ്രവര്‍ത്തനങ്ങളുമായും പാര്‍ട്ടി നടത്തിയതിനു പൊലീസ് പിടികൂടിയത്. എന്നാല്‍ സ്ത്രീകളെ പിന്നീട് വിട്ടയച്ചെങ്കിലും റസ്റ്ററന്റ് മാനേജരും വെയിറ്റര്‍മാരും അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു.

മുംബൈയിലെ ജോഗേശ്വര ലിങ്ക് റോഡില്‍ സ്ഥിതി ചെയ്യുന്ന 'ബോംബെ ബ്രൂട്ട്' എന്ന റസ്റ്റാറന്റില്‍ മദ്യവും ഹുക്കയുമായി പാട്ടും നൃത്തവും നടത്തുകയാണെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് റെയ്ഡ് നടത്തിയത്. അതില്‍ മിക്കവരും മുംബയിലെ ഉന്നത കുടുംബങ്ങളില്‍നിന്നുള്ളവരാണെന്നും പൊലീസ് പറഞ്ഞു.

അതേസമയം ഗോവയില്‍ നടന്ന ഉന്മാദ നിശാ പാര്‍ട്ടിയില്‍ മൂന്നു വിദേശികള്‍ ഉള്‍പ്പെടെ 23 പേരെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. വടക്കന്‍ ഗോവയിലെ വാഗത്തോര്‍ ഗ്രാമത്തില്‍ അഞ്ജുന പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വില്ലയില്‍ നടന്ന പാര്‍ട്ടിയില്‍ നിന്ന് 9 ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

റഷ്യയില്‍നിന്നും ചെക്ക് റിപബ്ലിക്കില്‍നിന്നുമുള്ള മൂന്നു സ്ത്രീകളും പിടിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പാര്‍ട്ടി നടത്തിയ ഇന്ത്യന്‍ സ്വദേശിയും എന്‍.ഡി.പി.എസ് ആക്‌ട് പ്രകാരം അറസ്റ്റിലായി. സാമൂഹിക അകല മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് 19 പേരെ അറസ്റ്റു ചെയ്തു. അവധിക്കാലം ആസ്വദിക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിനോദസഞ്ചാരികളാണ് മിക്കവരും.