mulanthuruthi-church

എറണാകുളം:സഭാതർക്കം നിലനിൽക്കുന്ന മുളന്തുരുത്തി മാർതോമൻ പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. വൈദികരുടെ നേതൃത്വത്തിൽ യാക്കോബായ വിശ്വാസികൾ പൊലീസിനെ തടഞ്ഞിരുന്നു. സ്ത്രീകളടക്കം നൂറുകണക്കിന് വിശ്വാസികളാണ് സ്ഥലത്ത് പ്രതിഷേധിച്ചത്. പൊലീസ് ഗേറ്റ് പൊളിച്ചാണ് അകത്തേക്ക് കടന്നത്.

പുലർച്ചെയോടെയാണ് പള്ളി ഏറ്റെടുക്കൽ നടപടി ആരംഭിച്ചത്. പ്രതിഷേധിച്ച വിശ്വാസികളേയും വൈദികരേയും മെത്രാപ്പോലീത്തമാരേയും അടക്കം അറസ്റ്റ് ചെയ്ത് നീക്കി. പള്ളി ഏറ്റെടുക്കാൻ ജില്ലാ ഭരണകൂടത്തിന് ഹൈക്കോടതി നൽകിയ കാലവധി ഇന്നാണ് അവസാനിക്കുന്നത്. പള്ളി താൽക്കാലികമായി പൂട്ടാൻ ഹൈക്കോടതി കളക്ടറോട് നിർദേശിച്ചിരുന്നു.

രാവിലെ പത്ത് മണിക്ക് കോടതി കേസ് പരിഗണിക്കുന്നുണ്ട്.അതുവരെ നടപടികളിലേക്ക് കടക്കരുതെന്നായിരുന്നു യാക്കോബായ വിഭാഗത്തിന്റെ ആവശ്യം. ജില്ലാഭരണകൂടം ഇത് നിരസിക്കുകയും,പള്ളി ഏറ്റെടുക്കൽ നടപടിയിലേക്ക് കടക്കുകയുമായിരുന്നു. ഇന്നലെ രാത്രിയോടെ തന്നെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വിശ്വാസികള്‍ പള്ളിയില്‍ എത്തിയിരുന്നു. പള്ളി ഏറ്റെടുക്കാൻ അധികൃതർ എത്തിയതോടെ വിശ്വാസികൾ ഗേറ്റ് അടച്ച് പൂട്ടി. തുടർന്ന് പൊലീസ് ഗേറ്റ് മുറിച്ചുമാറ്റി അകത്തേക്ക് പ്രവേശിക്കുകയായിരുന്നു.