pettimudi

ഇടുക്കി: പെട്ടിമുടിയിലെ മണ്ണിടിച്ചിലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ പതിനൊന്നാം ദിനമായ ഇന്നും തുടരും. 180 പേരുടെ സംഘമാണ് ഇന്ന് തിരച്ചിൽ നടത്തുക. അവസാനത്തയാളെ കണ്ടെത്തുംവരെയും തിരച്ചിൽ തുടരാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.12 പേരെയാണ് ഇനി കണ്ടെത്താനുള്ളത് . 58 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.

ദുരന്ത ഭൂമിയിൽ നിന്ന് കഴിഞ്ഞ ദിവസം രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ചിന്നത്തായി(62), മുത്തുലക്ഷ്മി(22) എന്നിവരുടെ മൃതദേഹങ്ങളാണ് നല്ലതണ്ണിയാറിലെ ഗ്രാവൽബാങ്ക് സിമന്റ് പാലം ഭാഗത്ത് നിന്ന് കണ്ടെത്തിയത്. ഫോറസ്റ്റ് വാച്ചറായ മുരുകേശന്റെ നായകളാണ് മൃതദേഹങ്ങൾ കണ്ടെത്താൻ രക്ഷാ പ്രവർത്തകരെ സഹായിച്ചത്. പുഴയോരത്ത് നിന്ന് പതിവില്ലാതെ നായ്ക്കൾ കുരയ്ക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ അവിടം കേന്ദ്രീകരിച്ച നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.