
തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും ദ ഹിന്ദു ദിനപത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്ററുമായ എൻ.ജ്യോതിഷ് നായർ (എൻ.ജെ.നായർ, 59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ എസ്.യു.ടി ആശുപത്രിയിലായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ഞായറാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്ഥിതി ഗുരുതരമായതിനാൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. 48 മണിക്കൂറിന് ശേഷം മറ്റൊരു ശസ്ത്രക്രിയ കൂടി നടത്താനിരിക്കെ ഇന്ന് പുലർച്ചെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ: സുമം വി.കുറുപ്പ്, മക്കൾ: സിദ്ധാർത്ഥ് ജെ.നായർ (ആസ്ട്രേലിയ), ഗൗതം ജെ.കുറുപ്പ് (ടെക്നോപാർക്ക്).
മൃതദേഹം ഇന്ന് രാവിലെ 10.30ന് കവടിയാറിലെ (വസുഗോപം, പണ്ഡിറ്റ് കോളനി) വീട്ടിൽ എത്തിച്ചു. ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരം പ്രസ് ക്ളബ്ബിൽ പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാരം. കഴിഞ്ഞ 25 വർഷമായി ഹിന്ദു പത്രത്തിൽ പ്രവർത്തിച്ചു വരികയായിരുന്നു. 1995ൽ സീനിയർ റിപ്പോർട്ടറായാണ് ഹിന്ദുവിൽ ചേർന്നത്. അതിനുമുമ്പ് ഇന്ത്യൻ എക്‌സ്‌പ്രസിൽ ജോലി നോക്കിയിരുന്നു. എൻ.ജെയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ തുടങ്ങിയവർ അനുശോചിച്ചു.