ന്യൂഡൽഹി: എല്ലാ രാജ്യങ്ങളോടും നല്ല ബന്ധം കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്നവരാണ് ഇന്ത്യൻ ജനത. അത്തരത്തിൽ നേപ്പാളുമായിട്ടും ഇന്ത്യയ്ക്ക് നല്ല സൗഹൃദമായിരുന്നു. എന്നാൽ ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിപുലേഖ്, ലിംപിയാദുര പ്രദേശങ്ങൾ ഉൾപ്പെടുത്തി പുതിയ ഭൂപടം തയാറാക്കുകയും, ഇതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ നേപ്പാൾ പാർലമെന്റ് പാസാക്കുകയും ചെയ്തതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണു.
എല്ലാവരോടും നല്ലരീതിയിൽ സഹകരിച്ച് മുന്നോട്ട് പോകാനാണ് ഇന്ത്യ ശ്രമിക്കാറുള്ളതെങ്കിലും, സ്വന്തം മണ്ണിൽ നുഴഞ്ഞുകയറുന്നവർക്ക് ശക്തമായ തിരിച്ചടിയും നൽകാറുണ്ട്. അത്തരത്തിൽ ചൈനയ്ക്ക് നൽകിയ തിരിച്ചടി ഉൾപ്പെടെ നേപ്പാൾ കണ്ടതുമാണ്. ഇന്ത്യയെ പിണക്കുന്നത് എല്ലാ അർത്ഥത്തിലും ദോഷം ചെയ്യുമെന്ന തിരിച്ചറിവിൽ, പ്രകോപനം അവസാനിപ്പിച്ച് നേപ്പാൾ ഇപ്പോൾ സമാധാനപാതയിലേക്ക് നീങ്ങുകയാണ്.
സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലി വിളിച്ചതോടെ ഇരു രാജ്യങ്ങൾക്കിടയിലും മഞ്ഞുരുകാൻ തുടങ്ങി. ഇപ്പോഴിതാ രാമനും ഗൗതം ബുദ്ധനും ഞങ്ങളെ ഒന്നിപ്പിക്കുകയാണ്, ഞങ്ങളെ ഭിന്നിപ്പിക്കരുത് എന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നേപ്പാളിന്റെ ഇന്ത്യയിലെ അംബാസഡർ നിലമ്പർ ആചാര്യ.കാഠ്മണ്ഡുവിലെ ഇരു രാജ്യങ്ങളും തമ്മിലുള്ള വിദേശകാര്യ മന്ത്രാലയ തലത്തിലുള്ള ചർച്ചകളുടെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീരാമന്റെയും ഗൗതം ബുദ്ധന്റെയും ജന്മസ്ഥലങ്ങൾ സംബന്ധിച്ചും വിവാദമുണ്ടായിരുന്നു.ശ്രീരാമൻ നേപ്പാളിയാണെന്ന് അവകാശപ്പെട്ട് നേപ്പാൾ പ്രധാനമന്ത്രി കെ.പി ഒലി രംഗത്തെത്തിയിരുന്നു.ഗൗതം ബുദ്ധൻ ഇന്ത്യക്കാരനാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പറഞ്ഞതായും റിപ്പോർട്ടുണ്ടായിരുന്നു.
'രണ്ട് മന്ത്രാലയങ്ങളും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ ഒരു തർക്കമുണ്ടാക്കരുത്. രാമന്റെയും ബുദ്ധന്റെയും ജന്മസ്ഥലം സഹകരണത്തിന്റെ കാര്യങ്ങളാണ്. ഇരു രാജ്യങ്ങളും ബുദ്ധനെയും രാമനെയും വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നു. ഇവ നമ്മെ ഒന്നിപ്പിക്കുന്നതും അടുപ്പിക്കുന്നതുമാണ്. ഭിന്നിപ്പിക്കാത്തതുമാണ്.' ആചാര്യ ഒരു ദേശീയ മദ്ധ്യമത്തോട് പറഞ്ഞു,
'ഇന്ത്യയുടെ സ്വാതന്ത്ര്യ സമരങ്ങൾ മറ്റ് രാജ്യങ്ങൾക്കും പ്രചോദനമാണ്. നേപ്പാളിലെ ജനാധിപത്യ പ്രസ്ഥാനവും ഇന്ത്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരുന്നു,'നേപ്പാൾ പ്രതിനിധി പറഞ്ഞു. ഇരു രാജ്യങ്ങളും സാംസ്‌കാരികമായും, സാമ്പത്തികമായും, സാമൂഹികമായും വളരെ അടുത്താണ്. ഈ ബന്ധം ഒരു നൂറ്റാണ്ടിലോ ഒരു തലമുറയിലോ ആയിരുന്നില്ല. അടുത്ത അയൽക്കാരും സുഹൃത്തുക്കളും എന്ന നിലയിൽ തലമുറകൾ ഞങ്ങളുടെ ബന്ധം വളർത്തിയെടുത്തു.'-അദ്ദേഹം പറഞ്ഞു.