തിരുവനന്തപുരം: കൊവിഡ് മഹാമാരിയുടെ ഭീതിക്കിടിയിലും പ്രതിസന്ധികളെല്ലാം അതിജീവിക്കുമെന്ന പ്രതീക്ഷയോടെ മലയാളികൾ പൊന്നിൻ ചിങ്ങത്തെ വരവേറ്റു. കടുത്ത നിയന്ത്രണങ്ങൾക്കിടയിലും മലയാള മാസാരംഭമായ ഇന്നുപുലർച്ചെ ക്ഷേത്രങ്ങളിൽ നിരവധി ഭക്തർ എത്തിയിരുന്നു. പലയിടങ്ങളിലും സാമൂഹ്യ അകലം പാലിച്ച് ഭക്തരുടെ നീണ്ട നിരതന്നെ ഉണ്ടായിരുന്നു. തിരുവിതാംകൂർ ദേവസ്വംബോർഡ് ക്ഷേത്രങ്ങളിൽ ഇന്നുമുതൽ ഭക്തർക്ക് നാലമ്പലത്തിനുളളിൽ പ്രവേശനം അനുവദിച്ചിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവവേശനം. ഒരേസമയം അഞ്ചുപേരെമാത്രമാണ് ക്ഷേത്രത്തിനുളളിൽ പ്രവേശിപ്പിക്കുക. ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നെങ്കിലും ഭക്തർക്ക് പ്രവേശനാനുമതി ഇല്ല.
കാർഷിക സംസ്‌കാരത്തിന്റെയും ഓണത്തിന്റെയും ഗൃഹാതുര സ്മരണകളാണ് ചിങ്ങമാസം മലയാളികളിൽ ഉണർത്തുന്നത്. ചിങ്ങം ഒന്ന് കർഷക ദിനവും കൂടിയാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ പെരുമഴയ്ക്കും പ്രളയത്തിനും ഇടയിലാണ് ചിങ്ങമാസം എത്തിയതെങ്കിൽ ഇത്തവണ കൊവിഡാണ് കടുത്ത ഭീതി ഉയർത്തുന്നത്. സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുതലാണ്. പെട്ടിമുടി, കരിപ്പൂർ ദുരന്തങ്ങളും കേരളത്തിന്റെ കണ്ണുനീരായി. എങ്കിലും ആഘോഷങ്ങളുടെ ആരവങ്ങൾക്ക് കാതോർത്ത് ചിങ്ങത്തെ ഏറെ പ്രതീക്ഷയോടെ വരവേൽക്കുകയാണ് മലയാളികൾ.