flower

തിരുവനന്തപുരം: പൂവിളി പൂവിളി പൊന്നോണമായി.. ഓണമിങ്ങെത്താറായി.. അത്തം തുടങ്ങാനുള്ള ദിവസവുമടുത്തു. ഇക്കുറി കൊവിഡ് തീർത്ത ആശങ്കയുടെ കാലത്താണ് ഓണമെത്തുന്നത്. എങ്കിലും പൂവിപണി അത്തത്തെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ മുൻ വർഷങ്ങളെപ്പോലെ വ്യാപകമായി അത്തം ഒരുക്കൽ ഉണ്ടാകാനിടയില്ലെങ്കിലും. സ്കൂളുകളും കോളേജുകളും ഇല്ലാത്തതിനാൽ അവിടങ്ങളിലെ ആഘോഷം ഉണ്ടാകില്ല. അതേ സമയം കൂടുതൽ വീടുകളിൽ അത്തമൊരുക്കൽ കാര്യമായ തോതിൽ കൂടാനുമിടയുണ്ട്.

 പൂജയ്ക്കെടുക്കാത്ത പൂക്കൾ
പൂജയ്‌ക്കും ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും അലങ്കാരമാകാനും ഉപയോഗിക്കുന്ന പൂക്കൾക്ക് പക്ഷേ,​ ഇത്തവണ ദുർവിധിയുടെ കാലമായിരുന്നു. കൊവിഡിനെ തുടർന്ന് ആരാധാനാലയങ്ങൾ അടച്ചിരുന്നതിനാൽ പൂക്കൾക്ക് ചെലവുണ്ടായിരുന്നില്ല. മികച്ച രീതിയിൽ കച്ചവടം നടക്കേണ്ട ഉത്സവ,വിവാഹ സീസൺ ആരംഭിക്കുന്നതിന് തൊട്ടുമുമ്പെത്തിയ ലോക്ക് ‌ഡൗൺ പുഷ്‌പവിപണിയുടെ നടുവൊടിച്ചു. അതു കൊണ്ടാണ് ഓണക്കാലത്തെ അൽപ്പമെങ്കിലും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.

 തോവാള തേങ്ങുന്നു
മുമ്പ് തോവാളയിൽ മാത്രമായിരുന്ന പൂ കൃഷി ഓണനാളുകൾ ലക്ഷ്യമിട്ട് സമീപത്തെ കുമാരപുരം, പഴവൂർ, ആവരക്കുളം, ചിദംബരപുരം , കാവൽ കിണർ, ചെമ്പകരാമൻപുതൂർ എന്നിവിടങ്ങളിലെല്ലാം വ്യാപിച്ചിരുന്നു. ഏതാണ്ട് മൂവായിരം പേരാണ് തോവാളയിലെ പൂ വിപണിയിലൂടെ തങ്ങളുടെ സ്വപ്നങ്ങൾ പുഷ്‌പിച്ചെടുക്കുന്നത്. എന്നാൽ,​ ലോക്ക് ഡൗൺ ആ സ്വപ്നങ്ങളെ കരിച്ചുകളഞ്ഞു.

 വിപണിയിൽ പൂമണം പരക്കട്ടെ
ഓണത്തിന് മുമ്പ് തന്നെ സാധാരണ തോതിൽ തലസ്ഥാനത്തെ പ്രധാന പൂ വിപണികളിലൊന്നായ ചാല ഇരട്ടി ഉഷാറാകേണ്ടതാണ്. പക്ഷേ,​ ഇതുവരെ വിപണിക്ക് പൂവസന്തം ഉണ്ടായിട്ടില്ല. ഇതുവരെ വിപണി ചലിച്ചിട്ടില്ല. ക്ഷേത്രോത്സവങ്ങളും വിവാഹങ്ങളുമാണ് മീന മാസത്തിലെ പൂ വിപണിയെ സജീവമാക്കുന്നത്. മേടപ്പത്തു വരെ സജീവമാണ് ഈ വിപണി. പക്ഷേ,​ കൊവിഡ് കാരണം ഉണ്ടായ ലോക്ക് ‌ഡൗണിനെ തുടർന്ന് പൂ വിപണി പ്രതിസന്ധിയിലായി. തോവാളയിലും സമീപ പ്രദേശങ്ങളിലും നിന്ന് ദിവസം അമ്പതു ലോഡ് പൂക്കൾ വരെ ചാലയിൽ എത്തുമായിരുന്നു. പിച്ചി, മുല്ല, അരളി, ജമന്തി, ട്യൂബ്രോസ്, കോഴിപ്പൂവ് എന്നിവയാണ് പ്രധാനമായും തോവാളയിൽ നിന്നെത്തുന്നത്. വില്ലുകുറിയിൽ നിന്നാണ് താമരപ്പൂ എത്തുന്നത്. സാധാരണ, ഒരു ദിവസം 10 ലക്ഷം രൂപയുടെ വരെ പൂക്കൾ ഇവിടെ എത്താറുണ്ട്. പക്ഷേ,​ ഇപ്പോൾ അഞ്ച് ലക്ഷത്തിൽ താഴെയാണ് എത്തുന്നത്. അവ വിറ്റുതീരുന്നത് തന്നെ മൂന്ന് ദിവസം കൊണ്ടുമാത്രമാണ്.

 കച്ചവടം കുറഞ്ഞു
മുമ്പ് എട്ട് ലക്ഷം രൂപയുടെ വരെ കച്ചവടം നടന്നിരുന്നു ചാലയിൽ. എന്നാലിപ്പോൾ അത് വെറും 25,​000 രൂപ മാത്രമായി ചുരുങ്ങി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തമിഴ്നാട്ടിൽ നിന്ന് പൂക്കളെത്തുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ വൈകിട്ട് 6 മണിയോടെ കടകൾ അടയ്ക്കണം. അതിനിടയ്ക്ക് പൂവൊന്നും തന്നെ വിറ്റുപോകില്ലെന്ന് വ്യാപാരികൾ പറയുന്നു.

 ഓണം കയ്ക്കും
കഴിഞ്ഞ കുറെ വർഷങ്ങളായി ഓഖി,​ പ്രളയം എന്നിവയൊക്കെയായി ഓണം ഇല്ലായിരുന്നു. ഇത്തവണത്തെ ഓണം കൊ വിഡ് കാലത്താണ് എത്തുന്നത്‌. സ്കൂൾ,​ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാത്തതിനാൽ അവിടെ ഓണാഘോഷം കാണില്ല. അതിനാൽ തന്നെ അത്തപ്പൂവിടൽ മത്സരവും മറ്റും ഉണ്ടാകില്ല. ഇതോടൊപ്പം സർക്കാർ,​ അർദ്ധസർക്കാർ,​ സ്വകാര്യ സ്ഥാപനങ്ങളിലും ഓണാഘോഷം ഉണ്ടാവില്ല. അതിനാൽ അവരും പൂ വാങ്ങുമെന്ന പ്രതീക്ഷയും കച്ചവടക്കാർക്കില്ല.

 പൂ വില (കിലോഗ്രാമിൽ)

ജമന്തി- 60
പിച്ചി- 300
മുല്ല- 500
അരളി- 200
ട്യൂബ് റോസ്- 350