ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അമ്പതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 941 പേരാണ് മരിച്ചത്. ഇതോടെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ആകെ മരണസംഖ്യ 50,921 ആയി ഉയർന്നു.
ഇന്നലെ മാത്രം 57,982 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 26,47,664 ആയി ഉയർന്നു. ഇതിൽ 6,76,900 സജീവ കേസുകളാണ്. 19.19 ലക്ഷം പേർ സുഖം പ്രാപിച്ചു. ഇന്നലെ മാത്രം 7,31,697 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐ.സി.എം.ആർ അറിയിച്ചു. രാജ്യത്താകെ 3,00,41,400 സാമ്പിളുകളാണ് പരിശോധിച്ചത്.
മഹാരാഷ്ട്രയിലും ആന്ധ്ര പ്രദേശിലും ഉത്തർപ്രദേശിലുമൊക്കെ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. മഹാരാഷ്ട്രയിൽ പതിനായിരത്തിലധികം പേർക്കാണ് പ്രതിദിനം കൊവിഡ് സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്ത് മരണസംഖ്യ ഇരുപതിനായിരം കടന്നു. ആന്ധ്രപ്രദേശിൽ എണ്ണായിരത്തിലധികം പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഉത്തർപ്രദേശിൽ 1,45,287 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.