radio

തിരുവനന്തപുരം: എഫ് എം റേഡിയോ നിറുത്തിയതിന്റെ ദേഷ്യത്തിൽ ചേട്ടൻ അനുജനെ ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിച്ചു കൊന്നു. അരുവിക്കര കാച്ചാണിയിൽ ഇന്നലെ രാത്രി 11.45നായിരുന്നു സംഭവം. കാച്ചാണി ബിസ്മി നിവാസിൽ ഷമീർ (27) ആണ് മരിച്ചത്. സഹോദരൻ ഹിലാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സഹോദരങ്ങൾ തമ്മിൽ നേരത്തേ പ്രശ്നമുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഹിലാൽ പതിവായി റേഡിയോ ഉച്ചത്തിൽ വയ്ക്കുമായിരുന്നു. ഇന്നലെയും ഇയാൾ റേഡിയോ ശബ്ദംകൂട്ടി വച്ചു. ഇതിനെ ചോദ്യം ചെയ്ത ഷമീർ റേഡിയോ ഓഫ് ചെയ്തു. പിന്നീട് ഷമീർ കിടന്നുറങ്ങുമ്പോൾ ഹിലാൽ ഇരുമ്പുപൈപ്പുകൊണ്ട് തലയ്ക്കടിക്കുകയിരുന്നു. നിലവിളി കേട്ടെത്തിയ അയൽവാസികൾ ഷമീറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹിലാലിന് മാനസിക പ്രശ്നമുണ്ടന്നാണ് പൊലീസ് നൽകുന്ന സൂചന. മൃതദേഹം മെഡിക്കൽകോളേജ് ആശുപത്രിയിൽ.