uae-and-israel

ടെൽഅവീവ്: ഇസ്രയേലും യു എ ഇയും തമ്മിലുളള നയതന്ത്രബന്ധം സാധാരണ നിലയിലാക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ ടെലിഫോൺ ബന്ധം സ്ഥാപിച്ചു. ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ പരസ്‍പരം ഫോണിൽ സംസാരിച്ചാണ് ടെലിഫോൺ ലൈനിന്റെ ഉദ്ഘാടനം നിർവഹിച്ചത്. വിദേശകാര്യ മന്ത്രിമാർ ആശംസകൾ കൈമാറി.എന്നാൽ യു എ ഇ ടെലികോം റെഗുലേറ്ററി അതോറിറ്റിയും രാജ്യത്തെ ടെലികോം കമ്പനികളും ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

നേരത്തേ യു എ ഇക്കും ഇസ്രയേലിനുമിടയിൽ ടെലിഫോൺ ബന്ധം സാധ്യമായിരുന്നില്ല. യു എ ഇയിൽ ലഭ്യമല്ലാതിരുന്ന ഇസ്രയേലി വെബ്സൈറ്റുകൾ ഇപ്പോൾ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുളള നയതന്ത്രബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് സൈറ്റുകൾ ലഭ്യമാക്കിതുടങ്ങിയത്.

49 വർഷത്തിനുശേഷമാണ് ഇസ്രയേലും യു എ ഇയും നയതന്ത്ര ബന്ധം പൂർണമായും സാധാരണമാക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മദ്ധ്യസ്ഥതയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് യു എ ഇയും ഇസ്രായേലും ചരിത്രപരമായ കരാറിലെത്തിയതിനെ തുടർന്നാണിത്. കരാർ പ്രകാരം കൂടുതൽ പാലസ്തീൻ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നതും പരമാധികാരം സ്ഥാപിക്കുന്നതും താൽകാലികമായി നിറുത്താൻ ഇസ്രായേൽ സമ്മതിച്ചിട്ടുണ്ടെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങളും യു എ ഇയും അറിയിച്ചു. ഇരുരാജ്യങ്ങളും പരസ്പര ഉഭയകക്ഷി സഹകരണത്തിനും ധാരണയായിട്ടുണ്ട്.ഏറെ നാളത്തെ ചർച്ചയ്‌ക്കൊടുവിലാണ് കരാറിലേർപ്പെട്ടത്.