സംസ്ഥാന സർക്കാരിൽ നിന്നും താൻ നേതൃത്വം നൽകുന്ന ഹാബിറ്റാറ്റ് ഗ്രൂപ്പിന് ലഭിക്കാനുള്ള കോടികളാണെന്ന് പ്രമുഖ ആർക്കിടെക്‌റ്റ് പദ്‌മശ്രീ ജി. ശങ്കർ. പണി പൂർത്തിയാക്കി കൊടുത്തിട്ട് വർഷങ്ങളായിട്ടും സർക്കാരിന്റെ വിവിധ വകുപ്പുകളുടെ അനാസ്ഥ മൂലം പണം ലഭിക്കാത്തത് വൻ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തന്നെയും ജീവനക്കാരെയും കൂപ്പുകുത്തിച്ചിരിക്കുന്നതെന്ന് ശങ്കർ പറയുന്നു. ഫേസ്ബുക്കിൽ പോസ്‌റ്റ് ചെയ്‌ത വീഡിയോയിലാണ് വളരെ വൈകാരികമായുള്ള ശങ്കറിന്റെ പ്രതികരണം.
'ജോലി തീർന്നിട്ടും മാസങ്ങളും വർഷങ്ങളും കഴിഞ്ഞ് പണം കിട്ടാത്തത് ജിവനെടുക്കുന്ന വേദനയായി ബാക്കി നിൽക്കുന്നു. വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് എല്ലാവരെയും പോലെ ഞങ്ങളും കടന്നുപോകുകയാണ്. കൊവിഡ് പ്രതിസന്ധി ഇത്രയും നീണ്ടുനിൽക്കുമെന്നു പ്രതീക്ഷിച്ചില്ല. പിടിച്ചുനിൽക്കാനുള്ള ശ്രമത്തിലാണ്.
മുഖ്യമന്ത്രി പറഞ്ഞു ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന്. സംസ്ഥാനത്തെ മിക്ക വകുപ്പുകളിൽ നിന്നും പണം കിട്ടാനുണ്ട്. പള്ളിക്കത്തോട്ടിൽ ഉദ്ഘാടനം കഴിഞ്ഞ കെ. ആർ.നാരായണൻ ഇൻസ്റ്റിറ്റിയൂട്ട് രൂപകൽപന ചെയ്ത വകയിൽ 3 കോടി രൂപ കിട്ടാനുണ്ട്. കേരള യൂണിവേഴ്സിറ്റി, ദുരന്ത നിവാരണ വകുപ്പ് തുടങ്ങി എല്ലാ വകുപ്പുകളും പണം നൽകാനുണ്ട്. കിട്ടാനുള്ള പണം എങ്ങനെ നൽകാതിരിക്കാം എന്നു ഗവേഷണം നടത്തുന്ന കുറെ ആൾക്കാരെ എനിക്കറിയാം. ചെലവാക്കിയ തുക നാല് വർഷം കഴിഞ്ഞു കിട്ടിയാൽ അതുകൊണ്ടു ജീവിക്കാൻ കഴിയില്ല. കടം വർദ്ധിച്ചു വരുന്നു. ഓണക്കാലത്ത് എന്തു ചെയ്യുമെന്ന് ആലോചിക്കുമ്പോൾ മനസിൽ കനലാണെന്നും ശങ്കർ പറയുന്നു'.