ന്യൂഡൽഹി: നീറ്റ്, ജെ ഇ ഇ പരീക്ഷകൾ മാറ്റിവയ്‌ക്കണമെന്ന അപേക്ഷ സുപ്രീം കോടതി തള്ളി. നിശ്ചയിച്ച സമയത്തു തന്നെ പരീക്ഷ നടക്കുമെന്ന് ജസ്‌റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കണമെന്നു തന്നെയാണ് തന്റെ അഭിപ്രായമെന്നും അരുൺ മിശ്ര പറഞ്ഞു. 'കൊവിഡിന്റെ പശ്ചാത്തലത്തിലും ജീവിതം മുന്നോട്ടു പോയേ തീരൂ. ദേശീയ പരിശോധനാ സമിതിയുടെ തീരുമാനത്തിൽ ഇടപെട്ട് വിദ്യാർത്ഥികളുടെ കരിയർ അപകടസ്ഥിതിയിലാക്കുവാൻ ഉദ്ദേശിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഹർജിയിൽ യാതൊരുതരത്തിലുമുള്ള പ്രസക്തിയുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബി ആർ ഗവായി, കൃഷ്‌ണ മുരാരി എന്നിവരുൾപ്പെട്ട ബെഞ്ചിന്റെനടപടി.
പരീക്ഷകൾ മാറ്റിവയ്‌ക്കുന്നത് രാജ്യത്തിന് തന്നെ നഷ്‌ടമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കൊവിഡ് വാക്‌സിൻ തയ്യാറാകുന്നതുവരെ പരീക്ഷകൾ മാറ്റിവയ്‌ക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. എന്നാൽ പരീക്ഷ നീട്ടിവയ്ക്കുന്നതിനെ ദേശീയ പരിശോധനാ സമിതിക്ക് (നാഷണൽ ടെസ്റ്റിംഗ് ഏജൻസി)വേണ്ടി ഹാജർ ആയ സോളിസിറ്റർ ജനറൽ തുഷാർ മേത്ത എതിർത്തു. സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചുകൊണ്ട് പരീക്ഷ നടത്താമെന്ന് സോളിസിറ്റർ ജനറൽ കോടതിക്ക് ഉറപ്പ് നൽകി.
രാജ്യത്തെ സ്ഥിതി സർക്കാരിനും സർക്കാർ ഏജൻസികൾക്കും നല്ലത് പോലെ അറിയാം. സർക്കാർ ഉചിതമായ തീരുമാനം എടുക്കും എന്നും ജസ്റ്റിസ് മിശ്ര വ്യക്തമാക്കി. അതിനാൽ പരീക്ഷ നടത്താനുള്ള സർക്കാരിന്റെ നയപരമായ തീരുമാനത്തിൽ തങ്ങൾ ഇടപെടില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
സെപ്‌തംബർ മാസം ആദ്യവാരം തന്നെ ജെ ഇ ഇ നടക്കും. സെപ്‌തംബർ 13 ന് ആണ് നീറ്റ് പരീക്ഷ.