
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ തലസ്ഥാന ജില്ലയിൽ തികഞ്ഞ ആശ്വാസമായിരുന്നു. എന്നാലിന്ന് എല്ലാ ജില്ലകളെയും കടത്തിവെട്ടി കൊവിഡ് കണക്കിൽ കുതിക്കുന്ന തലസ്ഥാനം കനത്ത ആശങ്കയാണ്. കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുകയാണ്. നൂറിൽ നിന്ന് ഇരുന്നൂറിലേക്കും അവിടെ നിന്ന് മൂന്നൂറും നാന്നൂറും പിന്നിട്ട് അഞ്ഞൂറിലെത്തി നിൽക്കുകയാണ് പ്രതിദിന രോഗികളുടെ എണ്ണം. ഇത് എവിടെക്കൊണ്ട് പിടിച്ചുകെട്ടുമെന്ന് ആർക്കുമൊരു എത്തുംപിടിയുമില്ല. കണ്ടെയ്ൻമെന്റ് സോണുകളും നിയന്ത്രണങ്ങളുമൊക്കെ ഏർപ്പെടുത്തിയിട്ടും തിരുവനന്തപുരത്ത് രോഗവ്യാപനത്തിൽ ഒരു കുറവുമില്ല. പൊലീസിറങ്ങിയിട്ടും രോഗവ്യാപന തോതിന് ഒരുകുറവും വന്നില്ല. നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതോടെ ജനജീവിതമാകട്ടെ പഴയതപോലെയായി തുടങ്ങുകയും ചെയ്തു. സാമൂഹിക അകലമൊന്നും പാലിക്കാതെ പലയിടത്തും ജനം തിക്കിത്തിരക്കുന്നത് കൂടുതൽ ആശങ്ക ഉണ്ടാക്കുകയും ചെയ്യുന്നു. ഇനി വരുന്നത് ഓണക്കാലമാണ് ബോണവും ശമ്പള അഡ്വാൻസുമൊക്കെ കിട്ടുന്നതോടെ നഗര, ഗ്രാമഭേദമന്യേ ഇപ്പോഴത്തെ തിരക്ക് പാരമ്യതയിലെത്തും. നിയന്ത്രണങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ അതിരൂക്ഷമായ രോഗവ്യാപനതോതാവും തലസ്ഥാനത്ത് ഉണ്ടാവുക എന്നാണ് ആരോഗ്യ പ്രവർത്തകരുടെ ആശങ്ക. തിരുവനന്തപുരത്ത് ഓരോ ദിവസവും കൊവിഡ് രോഗികളുടെ ഗ്രാഫ് ഉയർന്നുകൊണ്ടിരിക്കുകയാണ്.
ഏറ്റവും കൂടിയ നിരക്ക് 16ന്
ജില്ലയിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് 16ന് ആയിരുന്നു. 519 പേർക്ക് അന്ന് രോഗം സ്ഥിരീകരിച്ചപ്പോൾ 487 ഉം സമ്പർക്കം വഴിയായിരുന്നു. നഗരത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയ ജൂലായ് ആദ്യവാരത്തിനു മുമ്പ് ആകെ 300ൽ താഴെ പേർക്കു മാത്രമേ രോഗമുണ്ടായിരുന്നുള്ളൂ. അതിനുശേഷം 16 വരെ 8131 പേരാണ് രോഗബാധിതരായത്.
ലോക്ക് ഡൗൺ ഏശിയില്ല
97 ശതമാനം പേർക്കും രോഗം ബാധിച്ചത് ലോക്ക് ഡൗൺ നടപ്പാക്കിയതിന് ശേഷമെന്നാണ് കണക്കുകൾ. ആദ്യമൊക്കെ നഗരത്തിലും തീരദേശത്തും മാത്രമായിരുന്നു രോഗം ഒതുങ്ങി നിന്നതെങ്കിൽ ഇപ്പോൾ ഗ്രാമങ്ങളും കൊവിഡിന്റെ പിടിയലമർന്നിട്ടുണ്ട്. ചെറിയ ക്ലസ്റ്ററുകൾ പലതും അനുദിനം വലുതായിക്കൊണ്ടിരിക്കുന്നു. നേരത്തെ സ്ഥിരീകരിച്ച 13 ക്ലസ്റ്ററുകളിൽ ചുരുക്കം ചിലയിടങ്ങളിലൊഴികെ മറ്റെല്ലായിടത്തും ഇപ്പോഴും വൈറസിന്റെ അതിവേഗ വ്യാപനമുണ്ട്. അതേസമയം, രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നതിനൊപ്പം രോഗ മുക്തരുടെ എണ്ണവും കൂടുന്നതാണ് ആശ്വാസം. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നൂറിന് മുകളിലാണ് രോഗ മുക്തരുടെ എണ്ണം.
ജില്ലയിലെ രോഗികൾ
(ആഗസ്റ്ര് 1 മുതൽ 17 വരെ. രോഗം സ്ഥിരീകരിച്ചവർ, രോഗമുക്തർ എന്ന ക്രമത്തിൽ)
1-259, 168
2- 377- 66
3-205, 253
4-242, 310
5-274, 528
6-219, 137
7-289, 150
8-485, 777
9-292, 101
10-200, 180
11-297, 498
12-266, 180
13-434, 197
14-310, 199
15-321, 170
16-519, 190