ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കഴിഞ്ഞ ഒമ്പതു പതിറ്റാണ്ടിനിടയിൽ പലരും നയിച്ചിട്ടുണ്ട്. അവരിൽ ക്യാപ്ടൻ എന്ന പദവിയോട് നൂറുശതമാനം നീതിപുലർത്തിയ അപൂർവ്വം ചിലരിലൊരാളാണ് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ മഹേന്ദ്ര സിംഗ് ധോണി.
ഇന്ത്യയെ രണ്ട് ലോകകപ്പുകളിൽ മുത്തമിടീച്ച നായകൻ, ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ എല്ലാ കിരീടങ്ങളും ഏറ്റുവാങ്ങിയ ഏക ക്യാപ്ടൻ, ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ടീമിനെ നയിച്ച വിക്കറ്റ് കീപ്പർ, ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യയെ ഒന്നാമതെത്തിച്ച ക്യാപ്ടൻ എന്നിങ്ങനെ നിരവധി റെക്കാഡുകൾ വാരിക്കൂട്ടിയിട്ടുണ്ട് ധോണി. അതിനെല്ലാമപ്പുറത്ത് ഒരു നായകൻ എങ്ങനെയൊക്കെ ആയിരിക്കണമെന്ന് വരും തലമുറകൾക്ക് വേണ്ടി രേഖപ്പെടുത്തിയ ശേഷമാണ് ധോണി രാജ്യത്തിന്റെ കുപ്പായമൂരി വച്ചത്.
വിജയമുഹൂർത്തങ്ങളിൽ മുന്നിൽ നിൽക്കാൻ മാത്രമുള്ളയാളല്ല ക്യാപ്ടനെന്ന് പഠിപ്പിച്ചത് ധോണിയാണ്. ഇന്ത്യൻ ടീം വിജയങ്ങൾ നേടുമ്പോൾ അതിന്റെ ക്രെഡിറ്റ് കൂട്ടുകാർക്ക് കൈമാറാൻ മടി കാട്ടാതിരുന്ന ധോണി പരാജയങ്ങൾക്ക് ബലിയാടുകളെ കണ്ടെത്താൻ നിൽക്കാതെ ഉത്തരവാദിത്വം സ്വയമേറ്റെടുത്തു. തോൽവികളിൽ അയാളുടെ മനസ് തകർന്നുപോയില്ല. വരാനിരിക്കുന്ന വിജയങ്ങൾക്കായി മനസർപ്പിച്ചു. ഉചിതമായ തീരുമാനങ്ങൾ ഉചിതമായ സമയത്ത് എടുക്കാൻ കഴിഞ്ഞതാണ് ധോണിയുടെ വിജയത്തിന് അടിസ്ഥാനം. 2007ലെ ട്വന്റി-20 ലോകകപ്പ് ഫൈനലിലെ അവസാന ഒാവർ എറിയാൻ ജോഗീന്ദർ സിംഗിനെ പന്തേൽപ്പിച്ചതുപോലുള്ള തീരുമാനങ്ങൾ പലരെയും അമ്പരപ്പിച്ചിരുന്നു. കൈ വിട്ടകളിയെന്നോ ഭാഗ്യപരീക്ഷണമെന്നോ അവർ കരുതിയപ്പോൾ താൻ എന്തുകൊണ്ട് ആ തീരുമാനം എടുത്തു എന്നതിന് ധോണിക്ക് കൃത്യമായ ഉത്തരമുണ്ടായിരുന്നു. സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ സ്വന്തം ടീമിനെയും എതിരാളികളെയും ഇത്രത്തോളം അപഗ്രഥിച്ചിരുന്ന മറ്റൊരു നായകൻ ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് അയാളുടെ തീരുമാനങ്ങൾ വിജയത്തിനുള്ള വഴി തുറന്നതും.
വെല്ലുവിളികൾ ഏറ്റെടുക്കാൻ മടി കാട്ടാതിരുന്നതാണ് ധോണിയുടെ കരിയറിലെ നേട്ടങ്ങൾക്കെല്ലാം കാരണമായതെന്ന് നിസംശയം പറയാം. സീനിയർ താരങ്ങൾ ട്വന്റി-20 ഫോർമാറ്റ് 'കുട്ടി"കൾക്കായി വിട്ടുകൊടുത്ത് മാറിനിന്നപ്പോഴാണ് ധോണിക്ക് ക്യാപ്ടനായി ആദ്യ അവസരം തുറന്നത്. അവിടെത്തുടങ്ങിയ യാത്രയാണ് ഞാൻ കണ്ട ഏറ്റവും മികച്ച നായകൻ എന്ന് സാക്ഷാൽ സച്ചിനെക്കൊണ്ട് പറയിപ്പിക്കുന്നിടത്തേക്ക് എത്തിച്ചത്. 2011 ലോകകപ്പിന്റെ ഫൈനലിൽ മികച്ച ഫോമിലുണ്ടായിരുന്ന യുവ്രാജ് സിംഗിന് മുന്നേ ക്രീസിലേക്കിറങ്ങി ചേസിംഗിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ധോണി കാട്ടിയ അതേ ചങ്കൂറ്റമാണ് ഒന്നരപ്പതിറ്റാണ്ട് നീണ്ട അദ്ദേഹത്തിന്റെ കരിയറിൽ ഉടനീളമുണ്ടായിരുന്നത്.
നേടിയ വിജയങ്ങളെല്ലാം ധോണിയുടെ മാത്രം കഴിവുകൊണ്ടാണെന്ന് പറയാനാവില്ല. 2007 ലെയും 2011 ലെയും ലോകകപ്പുകളിൽ യുവ്രാജും ഗംഭീറുമൊക്കെ അവരുടെ പ്രതിഭയുടെ ഉത്തുംഗതയിലായിരുന്നു. 2013 ലെ ചാമ്പ്യൻസ് ട്രോഫിയിൽ ശിഖർ ധവാൻ അപാര ഫോമിലായിരുന്നു. ന്യൂസിലൻഡിൽ ചെന്ന് പരമ്പര നേടിയപ്പോൾ ഗൗതം ഗംഭീർ അപ്രതിരോധ്യനായിരുന്നു. മഹാമേരുവിനെപ്പോലെ വീരേന്ദർ സെവാഗും വൻ വൃക്ഷങ്ങളായി സച്ചിനും ദ്രാവിഡും ഗാംഗുലിയും ലക്ഷ്മണുമൊക്കെ ധോണിക്കൊപ്പമുണ്ടായിരുന്നു. ഇവരുടെയൊക്കെ വിജയമാണ് ധോണിയുടെ വിജയം. കാരണം ഇൗ പൊൻമുത്തുകളെയെല്ലാം വരിതെറ്റാതെ മാലയായി കോർത്തിടാൻ പിറന്ന കനകനൂലായിരുന്നു ധോണി.
തന്റെ ടീമിലെ പ്രതിഭകളെയെല്ലാം അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചിട്ടുണ്ട് ധോണിയിലെ നായകൻ. ടീമിന്റെ വിജയം എന്ന ഏക ലക്ഷ്യമായിരുന്നു അതിനുപിന്നിൽ. ഒരു കാലത്ത് വലിയ താരമായിരുന്നവർ കരിയറിന്റെ അവസാനഘട്ടത്തിലെത്തുമ്പോൾ ടീമിന് ബാദ്ധ്യതയാണെന്ന് തോന്നിയാൽ മാറ്റി നിറുത്താനും അദ്ദേഹം മടിച്ചില്ല. ടീമിന്റെ വിജയം എന്ന ലക്ഷ്യത്തിനുമുന്നിൽ താൻ ഉൾപ്പെടെ ഒരു താരത്തെയും അദ്ദേഹം പ്രതിഷ്ഠിച്ചില്ല. അതുകൊണ്ടാണ് ഫീൽഡിംഗിൽ വേഗം കുറഞ്ഞുവന്ന സെവാഗിനെയും സച്ചിനെയുമൊക്കെ പ്ളേയിംഗ് ഇലവനിൽ റൊട്ടേറ്റുചെയ്യാൻ ധൈര്യം കാട്ടിയത്. ധോണിയുടെ ക്യാപ്ടൻസിക്ക് കീഴിൽ മാന്യമായി വിരമിക്കാൻ പലർക്കും അവസരം ലഭിച്ചില്ല എന്ന് പരാതിയുണ്ടായിട്ടുണ്ടാകാം .എന്നാൽ ഒരാളുടെ വിരമിക്കലിനെക്കാൾ പ്രധാനം ടീമിന്റെ വിജയമാണെന്ന ധോണിയുടെ ചിന്താഗതിക്കുമുന്നിൽ വ്യക്തിതാത്പര്യങ്ങൾക്ക് വലിയ സ്ഥാനമുണ്ടായിരുന്നില്ല.
തനിക്കുവേണ്ടി ഒരു വിരമിക്കൽ മത്സരം മാറ്റിവയ്ക്കാൻ ആരെയും നിർബന്ധിക്കാതെയാണ് അദ്ദേഹം പടിയിറങ്ങിയത്.ടെസ്റ്റ് ടീമിൽ താൻ തുടരുന്നത് ടീമിന് വലിയ പ്രയോജനം ചെയ്യില്ലെന്ന് മറ്റാരെക്കാളും മുന്നേ സ്വയം തിരിച്ചറിഞ്ഞാണ് ധോണി ആറുകൊല്ലം മുമ്പ് ആ ഫോർമാറ്റിനോട് വിടപറഞ്ഞത്. തനിക്ക് പിൻഗാമിയായി കൊഹ്ലിക്ക് പാകതയെത്തി എന്ന് ബോധ്യപ്പെട്ടപ്പോഴാണ് 2017ൽ ഏകദിനത്തിലെയും ട്വന്റി -20യിലെയും ക്യാപ്ടൻസിയും കൈമാറിയത്. 2019 ലോകകപ്പിന് ശേഷം ധോണി ഏകദിനത്തിൽ കളിച്ചിട്ടേയില്ല. തനിക്ക് പകരക്കാരെ പരീക്ഷിക്കാൻ ആവോളം അവസരം നൽകി അദ്ദേഹം മാറിനിന്നു.ഒരു പക്ഷേ ഇനിയും ഇന്ത്യൻ കുപ്പായമണിയാൻ ധോണിക്ക് കഴിയുമായിരുന്നു.എന്നാൽ നല്ല തീരുമാനങ്ങളെടുക്കാൻ ഒട്ടും വൈകിപ്പിക്കാത്ത ധോണി സ്വാതന്ത്ര്യദിനത്തിൽ തനിക്കും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് എക്കാലവും മനസിൽ സൂക്ഷിക്കാൻ വാങ്കഡെ സ്റ്റേഡിയത്തിലെ മാനത്തേക്കുയർന്ന ഹെലികോപ്ടർ ഷോട്ടുപോലെ ഒരുപിടി മുഹൂർത്തങ്ങൾ ബാക്കിവച്ചാണ് ധോണി പടിയിറങ്ങുന്നത്. നായകസങ്കൽപ്പത്തിന്റെ പൂർണത ഒരു തലമുറയെ മുഴുവൻ അനുഭവിപ്പിച്ച മഹാനായകന് ജീവിതത്തിന്റെ ബാക്കിയുള്ള ഇന്നിംഗ്സുകളിലേക്ക് ശുഭാശംസകൾ.