nj-nair

തിരുവനന്തപുരം: വിവാദങ്ങൾക്ക് പിന്നാലെ പോകാതെ കേരളത്തിന്റെ വികസനത്തിന് തന്റെ കഴിവുകൾ ഉപയോഗിച്ച മികച്ച മാദ്ധ്യമപ്രവർത്തകനായിരുന്നു ദി ഹിന്ദുവിലെ ഡെപ്യൂട്ടി എഡി‌റ്ററും മുതിർന്ന മാദ്ധ്യമപ്രവർത്തകനുമായിരുന്ന എൻ.ജെ.നായരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്‌ബുക്കിൽ പോസ്‌റ്റ് ചെയ്‌ത കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചത്.

വ്യവസായം,വാണിജ്യം,ധനകാര്യം,ഊർജം എന്നീ മേഖലിൽ ആഴത്തിൽ അറിവുണ്ടായിരുന്നയാളായിരുന്നു എൻ.ജെ.നായരെന്നും മുഖ്യമന്ത്രി പറഞ്ഞു.

തന്നിലെ പ്രസന്നത മ‌റ്റുള‌ളവർ‌ക്ക് കൂടി പകർന്ന് നൽകിയിരുന്ന വ്യക്തിയായിരുന്നു എൻ.ജെ.നായരെന്ന് ധനമന്ത്രി തോമസ് ഐസക്കും അനുസ്‌മരിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്‌റ്രിന്റെ പൂർണരൂപം ചുവടെ.

തന്റെ തൊഴിലിൽ ധാർമിക മൂല്യങ്ങൾക്ക് വില കൽപ്പിച്ച പ്രഗത്ഭ പത്രപ്രവർത്തകനായിരുന്നു എൻ ജെ നായർ. മികച്ച രാഷ്ട്രീയ ലേഖകനായിരുന്നു എൻ.ജെ. കേരളത്തിന്റെ വ്യവസായം, വാണിജ്യം, ധനകാര്യം, ഊർജം എന്നീ മേഖലകളെക്കുറിച്ച് ആഴത്തിൽ പഠിച്ച അദ്ദേഹം വികസനോന്മുഖമായ ഒട്ടേറെ വാർത്തകളും വിശകലനകളും വായനക്കാർക്ക് നൽകി. വിവാദങ്ങൾക്ക് പിറകെ പോകാൻ വിസമ്മതിച്ച് കേരളത്തിന്റെ വികസനത്തിന് തന്റെ കഴിവുകൾ ഉപയോഗിച്ച എൻ.ജെ.നായർ, രാഷ്ട്രീയ നിരീക്ഷണങ്ങളിലൂടെ ടി.വി. പ്രേക്ഷകർക്കും സുപരിചിതനായിരുന്നു. പത്രപ്രവർത്തന ശാഖയ്ക്കു വലിയ നഷ്ടമാണ് എൻ. ജെ. നായരുടെ നിര്യാണം. ദു:ഖാർത്തരായ കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും സുഹൃത്തുകളെയും അനുശോചനം അറിയിക്കുന്നു.