kaumudy-news-headlines

1. രാജ്യത്ത് കൊവിഡ് മരണം അരലക്ഷം കടന്നു. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് ഇത് വരെ മരിച്ചത് 50,921 പേരാണ്. 24 മണിക്കൂറിനിടെ 941 മരണം പുതുതായി സ്ഥിരീകരിച്ചു. രാജ്യത്ത് ഇത് വരെ രോഗം സ്ഥിരീകരിച്ചത് 26,47,663 പേര്‍ക്കാണ് 57, 981 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.


2. മഹാരാഷ്ട്രയും ആന്ധ്രയും ഉള്‍പ്പടെ ഉള്ള സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം ഉയരുന്നത് ആശങ്ക ഉയര്‍ത്തുന്നു. മഹാരാഷ്ട്രയില്‍ 11,111 ആണ് പ്രതിദിന വര്‍ദ്ധന. 24 മണിക്കൂറിനുള്ളില്‍ 288 പേര്‍ മരിച്ചതോടെ മഹാരാഷ്ട്രയില്‍ ആകെ മരണം ഇരുപതിനായിരം കടന്നു. ആന്ധ്രയില്‍ 8012പേരും തമിഴ് നാട്ടില്‍ 5950പേരും കര്‍ണാടകയില്‍ 2428 പേരും ഇന്നലെ രോഗ ബാധിതരായി. ഉത്തര്‍പ്രദേശിലും ബിഹാറിലും പശ്ചിമ ബംഗാളിലും രോഗബാധിതര്‍ കൂടുകയാണ്.
3. ബി.ജെ.പി നേതാക്കള്‍ക്കു വേണ്ടി മാനദണ്ഡങ്ങള്‍ മാറ്റിയെന്ന റിപ്പോര്‍ട്ടുകളോടു പ്രതികരിച്ചു ഫേസ്ബുക്ക്. രാഷ്ട്രീയ നിലപാടുകളും പാര്‍ട്ടി ബന്ധങ്ങളും നോക്കാതെ ആണ് വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരേ കമ്പനി നടപടി സ്വീകരിക്കുന്നത് എന്നാണു ഫേസ്ബുക്കിന്റെ പ്രതികരണം. വിദ്വേഷ പ്രചാരണങ്ങളും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങളും ഫേസ്ബുക്ക് നിരോധിച്ചിട്ടുണ്ട്. ആരുടെയും രാഷ്ട്രീയ നിലപാടുകളോ പാര്‍ട്ടി ബന്ധങ്ങളോ പരിഗണിക്കാതെ ആണ് ആഗോളതലത്തില്‍ ഈ നയങ്ങള്‍ നടപ്പിലാക്കുന്നത്. കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നു ഫേസ്ബുക്കിനറിയാം. ന്യായവും കൃത്യതയും ഉറപ്പാക്കാന്‍ പരിശോധനകളും നടപടികളും തുടരുകയാണെന്നും ഫേസ്ബുക്ക് വക്താവ് പറഞ്ഞു.
4. വിദ്വേഷം പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ ചെയ്യുന്നവര്‍ക്കെതിരേ നടപടി എടുക്കാനുള്ള മാനദണ്ഡങ്ങള്‍ ബി.ജെ.പി നേതാക്കള്‍ക്കു വേണ്ടി ഫേസ്ബുക്ക് തിരുത്തി എന്നാണു വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്. ബി.ജെ.പി നേതാവ് ടി. രാജാസിംഗിന്റെ വിദ്വേഷ പോസ്റ്റിന് എതിരായ നടപടിയെ കുറിച്ചുള്ള അന്വേഷണത്തില്‍ ആണ് ബി.ജെ.പിക്കു വേണ്ടി മാനദണ്ഡങ്ങള്‍ തിരുത്തുന്നതായി കണ്ടെത്തിയത്. മുസ്ലിംകള്‍ രാജ്യദ്രോഹികളാണെന്നും പള്ളികള്‍ തകര്‍ക്കണം എന്നും റോഹിങ്ക്യ മുസ്ലിംകളെ വെടിവച്ചു കൊല്ലണം എന്നും ആയിരുന്നു തെലങ്കാനയില്‍ നിന്നുള്ള ബി.ജെ.പി നേതാവായ രാജാസിംഗിന്റെ പോസ്റ്റ്
5. ജമ്മു കാശ്മീരില്‍ അതിവേഗ ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചു. പരീക്ഷണാര്‍ഥം രണ്ടു ജില്ലകളില്‍ ആണ് 4ജി ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചത്. അതിവേഗ ഇന്റര്‍നെറ്റ് റദ്ദാക്കി ഒരു വര്‍ഷത്തിനു ശേഷമാണു നടപടി. ഗന്ദേര്‍ബാള്‍, ഉദംപുര്‍ ജില്ലകളിലാണ് 4ജി ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചത്. സെപ്തംബര്‍ എട്ടു വരെ ഇന്റര്‍നെറ്റ് ഇത്തരത്തില്‍ ലഭ്യമായി തുടരുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. നിലവില്‍ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ആണ് 4ജി സേവനങ്ങള്‍ ലഭിക്കുക. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭിക്കാന്‍ വെരിഫിക്കേഷന്‍ കഴിയുന്നതു വരെ കാത്തിരിക്കേണ്ടിവരും.
6. കേന്ദ്ര ഭരണ പ്രദേശത്തിലെ 20 ജില്ലകളില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുന സ്ഥാപിക്കുന്നതു പരിഗണനയില്‍ ആണെന്നും ഇതു പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചതായും കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിന്, ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശങ്ങളായി വേര്‍തിരിക്കുന്നതിനു തൊട്ടു മുമ്പാണു കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയത്
7. കൊവിഡ് വ്യാപനം അതിരൂക്ഷമായ തിരുവനന്തപുരത്ത് ആശങ്ക ശക്തം. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച 519 പേരില്‍ 487 പേര്‍ക്കും രോഗം വന്നത് സമ്പര്‍ക്കത്തിലൂടെ. ജില്ലയിലെ തീര പ്രദേശത്തെ ഇളവുകള്‍ അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. ജില്ലയിലെ തീരദേശ പ്രദേശങ്ങളായ അഞ്ചുതെങ്ങ് മുതല്‍ കുളത്തൂര്‍ വരെയുള്ള തീര പ്രദേശങ്ങളിലെ ഇളവുകള്‍ ആണ് ഇന്നലെ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നത്. കൊവിഡ് നിയന്ത്രണങ്ങളും സാമൂഹിക അകലവും പാലിച്ചുകൊണ്ട് മീന്‍പിടുത്തത്തിനു അനുമതി നല്‍കിയിട്ടുണ്ട്. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.
8. 32 പേരൊഴികെ എല്ലാവര്‍ക്കും രോഗം കിട്ടിയത് സമ്പര്‍ക്ക വ്യാപനത്തിലൂടെ എന്ന ഗുരുതര സ്ഥിതി വിശേഷവും ഉണ്ട്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 144 തടവുകാര്‍ക്കു കൂടി കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ മാത്രം രോഗ ബാധിതരുടെ എണ്ണം 362 ആയി ഉയര്‍ന്നു. 758 പേരിലാണ് ജയിലില്‍ ഇതുവരെ പരിശോധന നടത്തിയത്. അതേസമയം കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നഗരസഭാ പരിധിയിലെ മൂന്നു പ്രദേശങ്ങള്‍ ഉള്‍പ്പെടെ ഏഴു പ്രദേശങ്ങള്‍ കൂടി കണ്ടെന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.
9. അതേസമയെ, ഓരോ ദിവസവും രോഗികളുടെ എണ്ണം വര്‍ധിക്കുന്നതാണ് മലപ്പുറം ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബുദ്ധിമുട്ടില്‍ ആക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസ് സേനാംഗങ്ങള്‍ക്കും രോഗം ബാധിക്കുന്നതും പ്രതിസന്ധി ഉണ്ടാക്കുന്നു. ഇന്നലെ മാത്രം 221 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. നിലമ്പൂരില്‍ ഹൃദയാഘാതം മൂലം മരിച്ച നയാസിനും രോഗം ബാധിച്ചിരുന്നു. ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണാണ്. ഇതിനുപുറമേ കൂടുതല്‍ നിയന്ത്രണങ്ങള്‍ ആലോചനയിലാണ്
10. പെട്ടിമുടിയിലെ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പതിനൊന്നാം ദിനമായ ഇന്നും തുടരും. 180 പേരുടെ സംഘമാണ് ഇന്ന് തിരച്ചില്‍ നടത്തുക. അവസാനത്തയാളെ കണ്ടെത്തും വരെയും തിരച്ചില്‍ തുടരാന്‍ ആണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.12 പേരെയാണ് ഇനി കണ്ടെത്താനുള്ളത് . 58 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ദുരന്ത ഭൂമിയില്‍ നിന്ന് കഴിഞ്ഞ ദിവസം രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. ഫോറസ്റ്റ് വാച്ചറായ മുരുകേശന്റെ നായകളാണ് മൃതദേഹങ്ങള്‍ കണ്ടെത്താന്‍ രക്ഷാ പ്രവര്‍ത്തകരെ സഹായിച്ചത്. പുഴയോരത്ത് നിന്ന് പതിവില്ലാതെ നായ്ക്കള്‍ കുരയ്ക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ അവിടം കേന്ദ്രീകരിച്ച നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.