വളർത്തുനായകൾ ചിലർക്ക് തങ്ങളുടെ സൃഹൃത്തുക്കളെപോലെയാണ്. സംസാരിക്കാൻ കഴിവില്ലെങ്കിലും വീട്ടുകാരെ സഹായിക്കാനായി അവർ ഓടിയെത്തും. ഇപ്പോഴിതാ ഒരു വളർത്തുനായ തന്റെ യജമാനന്റെ ജീവൻ രക്ഷിച്ച കഥയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വിരമിച്ച നാവികസേനാ ഉദ്യോഗസ്ഥന് ബോട്ടിൽ വച്ച് ഹൃദയാഘാതമുണ്ടായപ്പോൾ സഹായിക്കാനായെത്തിയത് അദ്ദേഹത്തിന്റെ വളർത്തുനായയാണ്.
കരോലിന ഈസ്റ്റ് ഹെൽത്ത് സിസ്റ്റം തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കഥ പങ്കുവച്ചത്. ഇവരുടെ ചിത്രങ്ങളും അവർ ഫേസേബുക്കിൽ പങ്കുവച്ചിട്ടുണ്ട്. നേവി ഉദ്യോഗസ്ഥനായിരുന്ന റൂഡി ആംസ്ട്രോങിനാണ് ഹൌസ് ബോട്ടിൽ വച്ച് ഹൃദയാഘാതമുണ്ടായത്. ഒപ്പമുണ്ടായിരുന്നത് ബുബു എന്ന വളർത്തുനായയാണ്. ഇരുവരും തമ്മിൽ മറ്റാർക്കും മനസിലാക്കാൻ സാധിക്കാത്ത വിധം ഒരു ബന്ധമുണ്ട്.
റൂഡിക്ക് ഫോണിൽ കൂടി സഹായത്തിന് വിളിക്കാൻ സാധിക്കാത്തതിനാൽ അവൻ ബുബൂവിന്റെ കണ്ണുകളിൽ നോക്കി പറഞ്ഞു, തനിക്ക് സഹായം ആവശ്യമാണെന്ന്. 911 എന്ന നമ്പറിൽ വിളിച്ച് ഡോക്മാസ്റ്ററെ വിളിക്കാൻ ബുബു ഓടിപ്പോയി. ഉടൻതന്നെ സഹായവുമായി മെഡിക്കൽവിദഗ്ദ്ധരുമെത്തി. കരോലിന ഈസ്റ്റ് സ്റ്റാഫുകളുടെയും സഹായത്തിനെത്തി. അങ്ങനെയാണ് അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചത്.