ലോക്ക്ഡൗണിനെ തുടർന്ന് സിനിമാ ജീവിതത്തിന് താൽകാലികമായി അവധി നൽകി വീട്ടിൽ തന്നെയാണ് മെഗാ സ്‌റ്റാർ മമ്മൂട്ടി. ഇക്കാലയളവിൽ തങ്ങളുടെ പ്രിയപ്പെട്ട മമ്മൂക്കയെ ആരാധകർക്ക് മിസ്സ് ചെയ്‌തു എന്നകാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ? കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കഴിഞ്ഞദിവസം മമ്മൂട്ടി തന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. വമ്പൻ സ്വീകരണമാണ് മെഗാ സ്‌റ്റാറിന്റെ പുത്തൻ മാസ് ലുക്കിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സമാനമായരീതിയിൽ തന്നെയായിരുന്നു സൂപ്പർ സ്‌റ്റാർ മോഹൻലാലിന്റെ ലോക്ക്ഡൗൺകാലത്തെ ചിത്രങ്ങൾക്കു ലഭിച്ച സ്വീകാര്യതയും. സിനിമയ്‌ക്ക് അവധി നൽകി മാസങ്ങളായി അദ്ദേഹവും കുടുംബാംഗങ്ങൾക്കൊപ്പം ചെന്നൈയിലെ വീട്ടിലായിരുന്നു. പ്രായം കൂടുംതോറും സൗന്ദര്യത്തിലും ഫിറ്റ്നസിലും അതീവ ശ്രദ്ധ നൽകുകയാണ് ഇരുതാരങ്ങളും. ഇപ്പോഴിതാ ഇതുസംബന്ധിച്ച് നടൻ ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
'മമ്മുക്കയോടും ലാലേട്ടനോടും പിടിച്ച് നിൽക്കാൻ അവരായിട്ട് കാര്യമില്ല..അവരുടെ അച്ഛനാവണം' എന്നാണ് ഹരീഷിന്റെ രസകരമായ കുറിപ്പ്. സൂപ്പർതാരങ്ങളുടെ ചിത്രവും അദ്ദേഹം കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'ഇവരുടെ കൂട്ടുക്കാരനും അനിയനുമാവാൻ ഇനി വലിയ പ്രയാസമാണ്...മലയാള സിനിമയിൽ പിടിച്ച് നിൽക്കാൻ എന്റെ മുന്നിൽ ഒരു വഴി മാത്രമെയുള്ളു..നന്നായി ഭക്ഷണം കഴിച്ച് വ്യായമങ്ങൾ ഒന്നും ചെയ്യാതെ വയറും തടിയും കൂട്ടി ഇവരുടെ അച്ഛനും ഏട്ടനുമാവുക...മമ്മുക്കയോടും ലാലേട്ടനോടും പിടിച്ച് നിൽക്കാൻ അവരായിട്ട് കാര്യമില്ല..അവരുടെ അച്ഛനാവണം...'