തൃശൂർ: സൂര്യകാന്തി കൃഷിയിൽ വിജയം കൊയ്ത് തൃശൂരുകാർ. പുല്ലഴിപ്പാടത്താണ് സൂര്യകാന്തി വിളഞ്ഞത്. പുല്ലഴി കോൾപ്പടവ് സഹകരണ സംഘത്തിലെ കർഷകർ കഴിഞ്ഞ ജനുവരിയിലാണ് സൂര്യകാന്തി വിത്ത് വിതച്ചത്. ഏപ്രിലിൽ ഉണങ്ങിയ പൂക്കളിലെ വിത്തുകൾ ശേഖരിച്ചു. കിട്ടിയത് 80 കിലോഗ്രാം വിത്ത്. വിപണിയിലുളള സൂര്യകാന്തി എണ്ണയേക്കാൾ ഗുണമേന്മയുള്ളതാണ് വിത്തെടുത്ത് ആട്ടിയപ്പോൾ ലഭിച്ചത്.
മഴക്കാലത്ത് വെള്ളം കയറിക്കിടക്കുന്നതിനാല്‍ വരമ്പുകളിൽ നല്ല വളക്കൂറുണ്ട്. അതുകൊണ്ടുതന്നെ ആയിരക്കണക്കിന് ചെടികളുണ്ടായതായി ഇവർ പറയുന്നു. എണ്ണയുടെ ഗുണം തിരിച്ചറിഞ്ഞതോടെ ആവശ്യക്കാരേറെയാണ്. പരീക്ഷണം വിജയിച്ചതോടെ സ്ഥിരം കൃഷിയാക്കാൻ സംഘം തീരുമാനിക്കുകയായിരുന്നു. വയലോരത്തെ സൂര്യകാന്തി കൃഷിയുടെ ഗുണങ്ങൾ ഇവയാണ്...
1. ശത്രുകീടങ്ങളെ ആകർഷിച്ച് നെല്ലിനെ സംരക്ഷിക്കും.
2. മിത്രകീടങ്ങളും ജീവിജാലങ്ങളും ഉൾപ്പെട്ട ജൈവസന്തുലനം ഉറപ്പാക്കും
3.പാടശേഖരത്തിൻ്റെ ചന്തം കൃഷിയിലേക്ക് കൂടുതൽപേരെ അടുപ്പിക്കും
4. സൂര്യകാന്തി എണ്ണയിൽ നിന്നുളള ലാഭവും മുതൽക്കൂട്ടാകും
5. പരിപാലനച്ചെലവില്ല, പുല്ലും കളകളും വരമ്പത്ത് മുളയ്ക്കില്ല
ഒരു കി.ഗ്രാം സൂര്യകാന്തി വിത്ത് = 300 മില്ലി എണ്ണ
മൂന്ന് മാസം കൊണ്ട് പൂക്കളുണ്ടാകും
വേനൽക്കാലത്ത് പെട്ടെന്ന് പുഷ്പിക്കും
ഉണങ്ങിയ പൂക്കളിൽ നിന്ന് വിത്തുകൾ വേർതിരിക്കാം
' വിളവൈവിദ്ധ്യമാണ് സവിശേഷത. നെൽകൃഷിക്കൊപ്പം സൂര്യകാന്തിയും ഉളളിയും സവാളയും തക്കാളിയും മുളളങ്കിയും കൊത്തമരയും ചോളവും അടക്കം ഇരുപതിലേറെ ഇനങ്ങൾ കൃഷി ചെയ്യുന്നു. വിളവെടുത്ത പാടത്തും വരമ്പിലും ബണ്ട് റോഡിലുമെല്ലാം കൃഷിയുണ്ട്. സംഘത്തിന് അടുത്ത വർഷം 60 വയസാകും''- കൊളങ്ങാട്ട് ഗോപി, പ്രസിഡൻ്റ്, പുല്ലഴി കോൾപ്പടവ് സഹകരണസംഘം .
'' സംയോജിതകൃഷി ഭക്ഷ്യസുരക്ഷയ്ക്ക് ഏറെ ഗുണഫലമുണ്ടാക്കും. സൂര്യകാന്തിയും ചെണ്ടുമല്ലിയുമെല്ലാം ഒരു കെണിവിളകളാണെന്ന് അധികം കർഷകർ തിരിച്ചറിഞ്ഞിട്ടില്ല. ലാഭം കിട്ടുന്നതു മാത്രമല്ല, നെൽകൃഷിയ്ക്ക് വേണ്ട കീടനാശിനിയുടെ അളവ് ഗണ്യമായി കുറയ്ക്കാനും ഇത്തരം കൃഷി രീതികളിലൂടെ കഴിയും. ''- ശരത് മോഹൻ, കൃഷി ഓഫീസര്‍, അയ്യന്തോള്‍.